കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നിൽ ഇന്നലെ ഹാജരായെങ്കിലും ചോദ്യം ചെയ്യാതെ തിരിച്ചയച്ചു.
അടുത്ത 12നു ഹാജരാകാന്‍ നോട്ടീസ് നല്കി. ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.
ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കുന്നതായുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
സ്വര്‍ണക്കടത്ത്, കവര്‍ച്ചാ സംഘങ്ങള്‍ക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
കരിപ്പൂരില്‍ 2.33 കിലോഗ്രാം സ്വര്‍ണവുമായി ജൂണ്‍ 21നു പുലര്‍ച്ചെ പിടിക്കപ്പെട്ട കാരിയര്‍ മുഹമ്മദ് ഷഫീഖാണു ടി.പി. വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കൊടി സുനി എന്നിവരുടെ പങ്കാളിത്തം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് അറസ്റ്റിലായ അര്ജുന് ആയങ്കിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.