തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ക്കുനേരെ കത്തിയാക്രമണം. അജഞാത സംഘം ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ടി.ബി അക്ഷയ്, നിഥിന് ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. വയറ്റില്‍ കുത്തേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അജ്ഞാതരായ രണ്ട് യുവാക്കള്‍ ടോള്‍ പ്ലാസയില്‍ എത്തി ജീവനക്കാരെ തെരഞ്ഞുപിടിച്ച് കുത്തുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെനിന്നും കടന്നുകളഞ്ഞു.
വ്യാഴാഴ്ച രാത്രി 8.30 ന് ടോള്‍ പ്ലാസയില്‍ ജീവനക്കാരും കാര്‍ യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അങ്കമാലി സ്വദേശിയുടേതായിരുന്നു ഈ കാര്‍. ടോള്‍ നല്‍കാനാവില്ലെന്നും ബാരിക്കേഡ് മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
ഇവിടെനിന്നും മടങ്ങിയ ഇവര്‍ ജീവനക്കാരെ ആക്രമിക്കാന്‍ ആരെയെങ്കിലും നിയോഗിച്ചതാവാമെന്നാണ് പോലീസ് കരുതുന്നത്. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.