ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങള്‍ കാണികളില്ലാതെ നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു. ഒളിമ്പിക്സിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണു പ്രഖ്യാപനം. ഈ മാസം 23ന് ഒളിമ്പിക്സിനു തുടക്കമാകും. ടോക്കിയോയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി.
ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണു ടോക്കിയോയിലും മത്സരങ്ങള്‍ നടക്കുന്ന സമീപപ്രദേശങ്ങളായ ചിബ, കാംഗാവ, സെയ്ടാമ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നിശ്ചിത എണ്ണം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് ഇത്തവണ ഒളിമ്പിക്സ് നടത്തുമെന്നാണു സംഘാടകര്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, പുതിയ തീരുമാനം ഇവരുടെ തീരുമാനത്തിനു തിരിച്ചടിയായി.
ഒളിമ്പിക്സ് മത്സരങ്ങള്‍ ചെറിയ തോതില്‍ നടത്തേണ്ടിവന്നതില്‍ വിഷമമുണ്ടെന്ന് ടോക്കിയോ ഒളിമ്പിക്സ് പ്രസിഡന്റ് സീകോ ഹഷിമോട്ടോ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, ടോക്കിയോ നഗരത്തിന്റെ പ്രതിനിധികള്‍, ഒളിമ്പിക്, പാരാലിങ്ക് സംഘാടകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.
ടിക്കറ്റ് വാങ്ങിയവരുടെ കാര്യത്തില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടോക്കിയോ ഒളിമ്പിക്സ് വേണ്ടെന്നുവയ്ക്കണമെന്ന ആവശ്യവുമായി ടോക്കിയോ നിവാസികളും ജപ്പാനിലെ ആരോഗ്യവിദഗ്ധരും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിരുന്ന ഗെയിംസ് കോവിഡിന്റെ വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.
ടോക്കിയോയില്‍ കാണികള്‍ വേണ്ടെന്ന തീരുമാനം ഒളിമ്പിക് സംഘാടകര്‍ സമ്മതിച്ചതായി ജപ്പാൻ ഒളിമ്പിക് മന്ത്രി ടമായോ മരുകാവ പറഞ്ഞു.
തലസ്ഥാന നഗരത്തിനു പുറത്തുള്ള വേദികളില്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിനു കായികതാരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വരവ് രാജ്യത്ത് രോഗവ്യാപനം ഉയര്‍ത്തുമെന്ന ഭീതി ജനങ്ങളിലുള്ളതിനാല് കാണികള്‍ക്കു പ്രവേശനം നല്കാതിരിക്കുന്നതാണു നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ ആഴ്ചകളായി പറയുന്നതാണ്.