‘പാലക്കാട് : അട്ടപ്പാടി ഉൗരുകളിലെ വിദ്യാർഥികൾക്ക് ഓണ്ലൈൻ പഠനം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഒപ്ടിക്കൽ ഫൈബർ കേബിൾ ഉപയോഗിച്ചുള്ള (എഫ്ടിടിഎച്ച്) അതിവേഗ ഇന്റർനെറ്റ് സൗകര്യമാണ് ഉൗരുകളിൽ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ കൽക്കണ്ടി മുതൽ ചിണ്ടക്കി വരെയുള്ള ചിണ്ടക്കി, ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട്, വീരന്നൂർ, കക്കുപടി താഴെ എന്നീ അഞ്ച് ഉൗരുകളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുക.
ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചിണ്ടക്കി ഉൗരിലെ സാമൂഹിക പഠനമുറിയിൽ വി.കെ.ശ്രീകണ്ഠൻ എംപി നിർവഹിച്ചു. എംപി ഫണ്ടിൽ നിന്നുള്ള നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടത്തിൽ കേബിളുകൾ വലിക്കുന്നത്.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹിക പഠനം മുറി, ഡിടിഎച്ച് പഠന മുറികൾ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. റവന്യൂ പട്ടികവർഗ്ഗ വികസനം വനം വകുപ്പുകളുടെ പങ്കാളിത്വത്തോടെ ബിഎസ്എൻഎൽ, കഐസ്ഇബി എന്നിവരുടെ സഹകരണത്തോടെയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
വിവിധ ഇന്റർനെറ്റ് സേവന കന്പനികളുമായി ജില്ലാ കളക്ടർ പലപ്പോഴായി നടത്തിയ ചർച്ചകളിലൂടെയുമാണ് അട്ടപ്പാടിയിലെ ഇന്റർനെറ്റ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിക്കാൻ കഴിഞ്ഞത്.
ഇതിലൂടെ പ്രദേശത്തെ 200 ലധികം വരുന്ന കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു.
പരിപാടിയിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അധ്യക്ഷയായി. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ശിഖ സുരേന്ദ്രൻ, അസി.കളക്ടർ അശ്വതി ശ്രീനിവാസൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഈശ്വരി രേശൻ, ഗ്രാമപഞ്ചായത്തംഗം ബിന്ദു കൃഷ്ണൻ കുട്ടി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആശാലത, ഐടിഡിപി പ്രോജക്ട് ഓഫീസർ വി.കെ.സുരേഷ് കുമാർ, ബിഎസ്എൻഎൽ പാലക്കാട് ഡിജിഎം എം.എസ്.അജയൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.