വാഷിംഗ്ടണ്‍: ആഗോളതലത്തിൽ കോവിഡ് മരണസംഖ്യ നാലു മില്യണ്‍ കവിഞ്ഞതായി ജോണ്‍ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ജൂലൈ 7 ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
1982നുശേഷം ലോകരാജ്യങ്ങളിലുണ്ടായ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും, കൂടുതൽ പേർ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കോവിഡിന് ഇരയായിട്ടുണ്ടെന്ന് പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നു.
ഓരോ വർഷവും വാഹനാപകടത്തിൽ കൊല്ലപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് കോവിഡ് മൂലം മരിച്ചതെന്നും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ വാക്സിനേഷൻ വിജയകരമായി നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം അതിവേഗം മറ്റു രാജ്യങ്ങളിലേക്കും എത്തുന്നുവെന്നത് ഭയാശങ്കകളോടെ മാത്രമേ കാണാനാകൂ എന്നു സിഡിസി ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷയുടെ ചുമതലയുള്ള കേന്ദ്രങ്ങൾ പറഞ്ഞു.
വാക്സീൻ നൽകി തുടങ്ങിയതോടെ ലോകത്താകമാനം ജനുവരിയിൽ പ്രതിദിനം കൊല്ലപ്പെട്ടിരുന്നവരുടെ എണ്ണം 18,000 ത്തിൽ നിന്നും 7900 ആയി കുറയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ബ്രിട്ടൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിൽ കോവിഡ് മൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്. (600000) അടുത്ത സ്ഥാനം ബ്രസീലിനാണ് (520,000).
റിപ്പോർട്ട്: പി.പി. ചെറിയാൻ