കോഴിക്കോട്- ‘438 ദശാംശം ആറ് മീറ്ററില്‍ 684 കിലോ ഹെർട്സില്‍ മധ്യാഹ്ന പ്രക്ഷേപണം ആരംഭിക്കുന്നു….’മൂന്നുപതിറ്റാണ്ടോളം റേഡിയോക്ക് മുന്നില്‍ ശ്രോതാക്കളെ പിടിച്ചിരുത്തിയ ഈ ശബ്ദത്തെ പ്രണയിച്ചവരാണ് മലയാളികള്‍.
ആ ശബ്ദ ഉടമ അതുകൊണ്ടുതന്നെ അവര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്. അവര്‍ സ്നേഹവും കരുതലും വാരിക്കോരി നല്കി.
ആ സ്നേഹത്തിന്റെ ആഴം അറിഞ്ഞവരില്‍ വി. പ്രീതയോളം വരില്ല ആരും. പ്രീത എന്നുപറഞ്ഞാല്‍ ഒരു പക്ഷേ അത്ര പെട്ടെന്ന് മനസ്സിലാവില്ല… പ്രീത ച്ചേച്ചിയെന്ന് പറഞ്ഞാല്‍ പിന്നെ ഒന്നും വേണ്ട. എല്ലാം ആ വാക്കിലുണ്ട്…
അതെ…1993 ഡിസംബറിലാണ് ആകാശവാണി കോഴിക്കോട് നിലയത്തിലെ ശ്രോതാക്കള്‍ ഒരു പുതിയ സ്വരം കേട്ടത്… ആ സ്നേഹം തുളുമ്പുന്ന ശബ്ദം പിന്നെ അവരുടെ ജീവിതത്തിലെ നിത്യവിരുന്നുകാരനായി.
കഴിഞ്ഞ മെയ് 31-ന് ആ ശബ്ദം വിരമിച്ചു. ജനമനസ്സുകളില്‍ നിന്നല്ല, ആകാശവാണിയില്‍ നിന്ന്… പക്ഷേ അപ്പോഴും പ്രീതയെ തേടി ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു.
ആകാശവാണി ശ്രോതാക്കള്മാത്രമല്ല, വിരമിച്ച വാര്‍ത്തയറിഞ്ഞ് ഒരിക്കലെങ്കിലും ഇവരുമായി സംസാരിച്ചവരും നേരിട്ടുകണ്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു ഫ്ളാഷ് ബാക്ക്….
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്… പ്രീത ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടരവര്‍ഷമേ ആയുള്ളു. ആകാശവാണി കോഴിക്കോട് സംപ്രേഷണ കേന്ദ്രത്തിലേക്ക് എന്നും പുലര്‍ച്ചെ 4.30-ഓടെ വാഹനമെത്തി പ്രീതയെ കൊണ്ടുപേകാറാണ് പതിവ്. ഒരു ദിവസം പുലര്‍ച്ചെ 5.10 ആയിട്ടും വണ്ടി എത്തിയില്ല.
വന്ദേമാതരം എന്ന പരിപാടി അവതരിപ്പിക്കേണ്ടതാണ്… കനത്ത ഇരുട്ടും. പ്രീത ഒന്നും ആലോചിച്ചില്ല… റോഡില്‍ കാത്തുനില്‍ക്കുന്നതിനിടെ പിറകേവന്ന ബൈക്കിന് കൈകാണിച്ചു.
എനിക്ക് എത്രയും പെട്ടെന്ന് ആകാശവാണിയില്‍ എത്തണം. പത്തു മിനുട്ടുകൊണ്ട്… ഒന്നു സഹായിക്കാമോ… രണ്ടും കല്‍പ്പിച്ച് ചോദിച്ചു.. ബൈക്കുകാരന് സമ്മതം മൂളി..
കൃത്യം പത്തുമിനുട്ട് ആകും മുന്‍പേ പ്രീത ഓഫീസിലെത്തി. പ്രീതയുടെ തേനൂറും ശബ്ദത്തില്‍ വന്ദേമാതരം പരിപാടി ആരംഭിക്കുകയും ചെയ്തു. ആ ബൈക്കുകാരന് ഒന്നും ചോദിക്കാതെ പോകുകയും ചെയ്തു.
അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ താന്‍ നിര്‍ണായക സമയത്ത് ലിഫ്റ്റ് കൊടുത്തത് ആസ്വാദക ലോകം കീഴടക്കിയ ആകാശവാണി അനൗണ്സറെയായിരുന്നുവെന്ന്.. അറിയാന്‍ സാധ്യതയില്ലെന്ന് പ്രീതയുടെ ആത്മഗതം.
എന്ത് സംഭവിച്ചാലും ജോലിയോടുള്ള കൃത്യ നിഷ്ഠയും പാഷനും പോറലേല്‍ക്കാതെ കൊണ്ടുനടന്ന പ്രീത എന്ന വ്യക്തിയെക്കുറിച്ചുപറയാന് ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് സഹപ്രവര്‍ത്തകര്‍ പോലും പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനായി കൊണ്ടുനടന്ന ജോലിയില്‍ നിന്നും പടിയിറങ്ങുമ്പോഴും ആ അര്‍പ്പണബോധം അതുപോലെ തന്നെ നില്ക്കുന്നു.
ഒന്നുകൂടി ഉറപ്പിച്ചുപറഞ്ഞാല്‍ കൂടുതല്‍ തീവ്രമായി. പ്രീതയുടെ ജീവിതം തന്നെ ജോലിയായിരുന്നു. ആളുകളോട് അടുത്തിടപഴകാനും അവരുടെ വിഷമം കേള്‍ക്കാനും ഉള്ള വഴിയായിരുന്നു ഇത്.
വിളിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞതോടെ പ്രീത ചേച്ചി ശരിക്കും അവരുടെ ഹീറോയായി. അവര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ കേള്‍ക്കാനും ഫോണ്‍ ഇന്‍ പ്രോഗ്രാമിന് കാതോര്‍ക്കാനും ആളുകള്സമയം കണ്ടെത്തി.
ശരിക്കും പറഞ്ഞാല്‍ ആകാശവാണിയിലൂടെയുള്ള പ്രീതയുടെ സ്വരം കേട്ടായിരുന്നു അവരുടെ ദിനചര്യകള്‍ തുടങ്ങിയത്.ഓഡിയോ പ്ലാറ്റ് ഫോമുകള്‍ നിരവധി വന്നിട്ടും അതിന് കോട്ടം തട്ടിയിട്ടില്ലെന്നതു തന്നെ പ്രീതയുടെ മികവിന് തെളിവ്.
സ്നേഹമൂറും അനുഭവങ്ങള്‍
ചെറുതും വലുതുമായ നിരവധി അനുഭവങ്ങള്‍ 28-വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഇവര്‍ക്ക് പറയാനുണ്ട്.
ഗാനമാലിക, സിനിമാ സല്ലാപം, എഫ്എം ചോയ്സ്, സ്നേഹപൂര്‍വ്വം, സഹയാത്രിക, വനിതാവേദി, കിഞ്ചന വര്‍ത്തമാനം, കഥാനേരം, ഫോണ്‍ ഇന്‍ ഇഷ്ടഗാനങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ അവതരിപ്പിച്ച പ്രീതയ്ക്ക് ഒരിക്കല്‍ പോലും പിന്തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
2003ല്‍ ആരംഭിച്ച്, 18 വര്‍ഷമായി പ്രക്ഷേപണം തുടരുന്ന ദില്‍ സേ ദില്‍ തക്ക് ആണ് അവരുടെ മാസ്റ്റര്‍ പീസ് എന്ന് ശ്രോതാക്കള്‍ പറയുന്നു. ഇതില്‍ മുഹമ്മദ് റാഫി എന്ന മഹാഗായകനെ പറ്റി മാത്രം 30-ലേറെ ഭാഗങ്ങളുള്ള പരിപാടിയാണ് പ്രീത ചെയ്തത്..
മന്നാഡേ, രവിബോംബേ, പ്യാരേലാല്‍, ഖയ്യാം, അമീന് സയാനി തുടങ്ങിയ പ്രശസ്തര്‍ മുതല്‍ സാധാരണക്കാര്‍ വരെ തങ്ങളുടെ പ്രിയ ഗാനങ്ങള്‍ അവതരിപ്പിച്ച ഈ പരമ്പര ശരിക്കും ആകാശവാണിക്ക് നല്കിയ മൈലേജ് ചെറുതല്ല.
അന്നുമിന്നും ഒരേ ആവേശത്തോടെ പിന്തുണയ്ക്കുന്ന സ്പോണ്‍സര്‍മാരും ശ്രോതാക്കളുമുള്ള മറ്റേതെങ്കിലും പരിപാടി കേരളത്തിലുണ്ടോ എന്നതുപോലും സംശയമാണ്.
2003-ല്‍ പരിപാടി തുടങ്ങിയതുമുതല്‍ ഇന്നുവരെ ക്രസന്റ് ബില്‍ഡേഴ്സാണ് പ്രായോജകര്‍. ഒരിക്കല്‍ പോലും ഇവര്‍ക്ക് മാറി ചിന്തിക്കേണ്ടിവന്നിട്ടില്ല.
പ്രീത വിരമിച്ചപ്പോള്‍ ഇവര്‍ വീണ്ടും ഈ പരിപാടി ആകാശവാണിയില്‍ അവതരിപ്പിക്കുമെങ്കില്‍ അത് സ്പോണ്സര് ചെയ്യാന്‍ ഒരുക്കമാണെന്ന് അറിയിച്ചുകഴിഞ്ഞു.
തിലകനെ വിളിച്ചത് മറക്കാനാകാത്ത അനുഭവം
പലപ്രമുഖരെയും പരിപാടികള്‍ക്കായി വിളിച്ചിട്ടുണ്ട് പ്രീത. പരിപാടികള്‍ വേറിട്ടതാക്കാന്‍ അവരുടെ ശബ്ദം അനിവാര്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
അപ്പോഴും മലയാള സിനിമയിലെ പെരുന്തച്ചനായിരുന്ന തിലകന് ചേട്ടനുമായുള്ള അനുഭവം അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഫാദേഴ്സ് ഡേ എന്ന പേരില്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത ഒരു മണിക്കൂര്‍ പരിപാടിയുടെ ഭാഗമായായിരുന്നു തിലകനെ ഫോണില്‍ ബന്ധപ്പെട്ടത്.
ആദ്യം ഫോണ്‍ വിളിച്ചപ്പോള്‍ പരുക്കന്‍ ശബ്ദത്തില്‍ നോക്കാം എന്ന മറുപടിയായിരുന്നു.. ഉച്ചയ്ക്ക് വിളിച്ചോളാന്‍ പറഞ്ഞു. ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ രാത്രി മതി എന്നായി. രാത്രി എട്ടോടെ വിളിച്ചപ്പോള്‍ സൂര്യ ടിവിയുടെ ഒരുപോഗ്രാമിലായിരുന്നു അദ്ദേഹം.
വിടാന്‍ ഭാവമില്ല അല്ലേ എന്ന് ഗൗരവത്തില്‍ തിരിച്ചുപോദ്യം. ഒടുവില്‍ അദ്ദേഹം സമ്മതിച്ചു. അഞ്ച് മിനിട്ടായിരുന്നു പ്രതീക്ഷിച്ചതെങ്കില്‍ തിലകന് ചേട്ടന് 40 മിനിട്ടോളം സംസാരിച്ചു.
തീരെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്. ആളുകള്‍ നമ്മള് മനസ്സിലാക്കുന്നതുപോലെയല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
ഓണം, വിഷു തുടങ്ങിയ സീസണുകള്‍ എത്തുമ്പോള്‍ ഉള്ളില്‍ വലിയ ടെന്‍ഷനാണ് ഉണ്ടാകാറ്. കാരണം മറ്റൊന്നുമല്ല വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കണമെന്ന ചിന്തയായിരുന്നു മനസ്സില്‍ .
അതിനുവേണ്ടിയുള്ള ഒരുക്കങ്ങളാകും പിന്നെ… പ്രീത പറയുന്നു. വീട്ടില്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഓഫീസില്‍ കഴിഞ്ഞ നാളുകളായിരുന്നുഅത്.
കൃത്യസമയത്ത് പ്രോഗ്രാമുകള്‍ ആരംഭിക്കേണ്ടതിനാല്‍ സഹപ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തി അവര്‍ക്ക് ജോലി കൈമാറിയശേഷമേ ഇറങ്ങാറുള്ളൂ.
ശബരിമലയിലെ ‘ലേഡി’ റിപ്പോര്‍ട്ടര്‍
2014 ഡിസംബര്‍ 18ന് രാവിലെ ഏഴിനാണ് ആകാശവാണി ശബരിമലയില്‍നിന്ന് ‘ശബരിമല വിശേഷങ്ങള്‍ ‘ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയത്. മാളികപ്പുറത്തിന് എതിര്‍വശത്തുള്ള മീഡിയസെന്ററിലെ രണ്ടാമത്തെ മുറിയിലേക്കു കടന്നുവന്ന ആദ്യ വനിതാ മാധ്യമപ്രവര്‍ത്തക വി. പ്രീതയായിരുന്നു. ഇതുവരെ മൂന്നു തവണ പ്രീത ശബരിമലയില്‍ ജോലി ചെയ്തിട്ടുണ്ട്.
ആദ്യ തവണ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ അത്ഭുതത്തോടെയാണ് തന്നെ നോക്കിയതെന്ന് പ്രീത പറയുന്നു.
ഇതില്‍ ‘ഒരു സ്റ്റോറി’ യുണ്ടെന്ന് കണ്ടെത്തിയതും അവര്‍ തന്നെ. തുടര്‍ന്ന് പത്രങ്ങളില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ വന്നു. അതും മറക്കാനാകാത്ത അനുഭവം തന്നെ…
പടിയിറക്കം, അല്പം കുടുംബകാര്യം
മെയ് 31-ന് പടിയിറങ്ങിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഫീലായിരുന്നു… ലോക്ക് ഡൗണ്‍കാലവും ഓഫീസുകളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യവും മൂലം കഴിഞ്ഞ കാലങ്ങളില്‍ മിക്കപ്പോഴും വീട്ടിലായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാഴ്ച ലീവെടുത്തപോലെയേ ഇപ്പോള്‍ തോന്നുന്നുള്ളൂ.
എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ കഥമാറിയേക്കാം… പ്രീത പറയുന്നു. വീട്ടിലിരിക്കുമ്പോഴും പലയിടത്തുനിന്നും ഫോണ്‍ കോളുകള്‍ തേടിയെത്തുന്നുണ്ട്. ആളുകള്‍ അവരുടെ വിഷമങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്നതിനായി വിളിക്കുകയാണ്…
അവര്‍ക്ക് അതുകൊണ്ട് ആശ്വാസം ലഭിക്കുന്നുണ്ടാകാം. വിഷമങ്ങള്‍ പറയാന്‍ ഒരാളെ കിട്ടുക എന്നതു തന്നെ മറ്റുള്ളവര്‍ക്ക് വലിയ ആശ്വാസമാണെന്ന് ആകാശവാണിയിലെ ജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്…
അത് ഇപ്പോഴും തുടരുകയാണ്…ഓഫീസിലേക്ക് വിളിച്ചിരുന്നവര്‍ ഇപ്പോള്‍ നമ്പര്‍ തപ്പിയെടുത്താണ് ബന്ധപ്പെടുന്നത്. വിരമിച്ച വാര്‍ത്തകര്‍ വന്നതോടെ ഫോണ്‍ വിളികളുടെ എണ്ണം കൂടി. ഇനിയും ഈ രംഗത്ത് തുടരണമെന്നാണ് പലരും പറയുന്നത്.
ശബ്ദത്തെ തേടി പുരസ്കാരങ്ങള്‍ നിരവധി
ദേശീയോദ്ഗ്രഥനത്തിനുള്ള ലാസാ കൗള്‍ പുരസ്ക്കാരം ഉള്‍പ്പെടെ രണ്ട് ആകാശവാണി ദേശീയ പുരസ്ക്കാരങ്ങള്‍, മികച്ച പ്രക്ഷേപകയ്ക്കുള്ള റോട്ടറി വൊക്കേഷണല്‍ എക്സ് ലന്‍സ് അവാര്‍ഡ്, മൊയ്തു മൗലവി സ്മാരക അക്ഷരം പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ജലവിഭവ വകുപ്പില്‍ നിന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയറായി വിരമിച്ച ഭര്‍ത്താവ് പി.ഗോപിനാഥനും മകള്‍ അഞ്ജനയും മരുമകന് സജിത്ത് ഭാസ്ക്കറും പേരക്കുട്ടി പ്രയാഗുമടങ്ങുന്നതാണ് പ്രീതയുടെ കുടുംബം.
ഇ. അനീഷ്