കുമരകം: കുമരകത്ത് ഇന്നലെ മാത്രം രണ്ടു പോക്സോ കേസുകളിലായി അറസ്റ്റിലായത് മൂന്നു പേർ. രണ്ടു യുവാക്കളും 66കാരനുമാണ് പോക്സോ കേസിൽ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് വേളൂർ വാഴവേലിൽ അക്ഷയി(22)നെയും സഹായി കുമരകം സ്വദേശി അമലിനെ(23)യും പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധുവീട്ടിൽ വച്ചാണു പീഡനം നടന്നതെന്ന് ബന്ധുക്കൾ കുട്ടിയുടെ മാതാവിന്റെ നാടായ രാമങ്കരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവം പെണ്‍കുട്ടി പ്രതിയുടെ മാതാവിനോടു പറഞ്ഞെങ്കിലും ഇവർ കാര്യമാക്കിയില്ല. പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ എത്തിക്കുകയും സഹായിക്കുകയും ചെയ്തതാണ് അമലിനെതിരെയുള്ള കുറ്റം.
റോഡിലുടെ നടന്നു പോയ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതിനാണ് കുമരകം ജെട്ടി ഭാഗത്ത് നികർത്തിൽ രാജ് മോഹൻ (66) പിടിയിലായത്.
കുമരകത്ത് സ്വകാര്യ സെക്യുരിറ്റിയായി ജോലി ചെയ്യുകയാണ് രാജ് മോഹൻ. ഇന്നലെ രാവിലെ ജെട്ടി റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതിനു വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ സന്ധ്യയോടെ പ്രതിയെ കുമരകം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു പ്രതികളെയും ഇന്നു കോടതിയിൽ ഹാജരാക്കും.