കെ.ഷിന്റുലാല്‍
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റും പോലീസും പരിശോധന ശക്തമാക്കിയതിനു പിന്നാലെ സംസ്ഥാനത്തു കുഴല്‍പ്പണ വിതരണത്തിനു പുതിയ തന്ത്രങ്ങളുമായി ഹവാല സംഘം.
യുവതികളെ ഇറക്കിയാണ് ഹവാല സംഘം ഇപ്പോള്‍ കുഴല്‍പ്പണ വിതരണം നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഇത്തരത്തില്‍ കുഴല്‍പ്പണവുമായി യുവതികള്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വിവരം.
കള്ളപ്പണവുമായി പരീക്ഷണാര്‍ഥം രംഗത്തിറക്കിയ യുവതികളെ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കിയതോടെയാണ് കൂടുതല്‍ സംഘങ്ങള്‍ ഈ വഴിയിലൂടെ വിതരണം നടത്തുന്നത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ യുവതികളെ കൂടുതലായും കുഴല്‍പ്പണത്തിന് ഇറക്കിയിട്ടുണ്ട്.
ഇരുചക്രവാഹനത്തിലാണ് ഇവര്‍ പണവുമായി സഞ്ചരിക്കുന്നത്. ഒരു ദിവസം അഞ്ചും ആറും പേര്‍ക്ക് ഇവര്‍ പണം നല്‍കിവരുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ വരെ യുവതികള്‍ പണം വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം.
ജില്ലയ്ക്ക് പുറത്തു കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വരെ കോഴിക്കോടുനിന്നു യുവതികള്‍ കള്ളപ്പണവുമായി പോവുന്നുണ്ട്.
മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ ട്രെയിനിലും ബസിലുമാണ്. ചെറിയ ബാഗുമായി ഇറങ്ങുന്ന യുവതികളെ എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കില്ല. കുഴല്‍പ്പണ വിതരണത്തിനു യുവാക്കളായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.
എന്നാല്‍, പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും നിരവധി പേര് പണവുമായി പിടിയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യുവതികളെ ഇറക്കി കള്ളപ്പണ വിതരണം നടത്തുന്നത്.
ഇളവുകളില്‍ വാനോളം പ്രതീക്ഷ
വാഹനപരിശോധയിലും മറ്റും സ്ത്രീകള്‍ക്കു ലഭിക്കുന്ന ഇളവുകളാണ് ഹവാല സംഘം ദുരുപയോഗം ചെയ്യുന്നത്. ഇരുചക്രവാഹനത്തില്‍ പോവുന്ന യുവതികളെ പലപ്പോഴും പോലീസ് പരിശോധനയില്‍നിന്ന് വരെ ഒഴിവാക്കാറുണ്ട്.
ചെറിയ ബാഗിലാണ് പണം സൂക്ഷിക്കുന്നത്. ഇൗ ബാഗ് പുറത്തു തൂക്കുകയോ വാഹനത്തിന്റെ മുന്‍വശത്തായി തൂക്കുകയോ ആണ് ചെയ്യുന്നത്.
ആകര്‍ഷിക്കും വിധത്തിലുള്ള വലിപ്പമുള്ള ബാഗുകള്‍ ഉപയോഗിക്കില്ല. ബാഗില്‍ പണത്തിനൊപ്പം വസ്ത്രം പോലുള്ള അവശ്യവസ്തുക്കള്‍ സൂക്ഷിക്കുകയും ചെയ്യും.
എവിടെയെങ്കിലുംവച്ച് പരിശോധന നടത്തുന്ന പക്ഷം വസ്ത്രങ്ങളും മറ്റും കാണുന്നതോടെ പോലീസും മറ്റു ഏജന്‍സികളും വിശദമായ പരിശോധന നടത്താതെ ഒഴിവാക്കും.
കൂടാതെ ഹവാല പണം കവര്‍ച്ച ചെയ്യുന്ന സംഘത്തില്‍നിന്നു രക്ഷപ്പെടാനും യുവതികള്‍ വഴി സാധിക്കുന്നുണ്ട്.പതിവായി കുഴല്‍പ്പണം വിതരണം ചെയ്യുന്ന യുവാക്കളെ തട്ടികൊണ്ടുപോയ നിരവധി സംഭവങ്ങളാണ് കോഴിക്കോടുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ടായിട്ടുള്ളത്.
ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്. യുവതികള്‍ വഴിയുള്ള കള്ളപ്പണ വിതരണത്തിനിടയില്‍ ഒരിക്കല്‍ പോലും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ലോക്ക്ഡൗണിലും ഇത്തരത്തില്‍ കള്ളപ്പണ വിതരണം നടന്നിട്ടുണ്ടെന്നാണ് വിവരം.
സത്യവാങ്മൂലവുമായാണ് യുവതികള്‍ പുറത്തിറങ്ങിയിരുന്നത്. പലരും ആശുപത്രി യാത്രക്കെന്ന പേരിലും സാധനങ്ങള്‍ വാങ്ങാനെന്ന പേരിലും വരെ പുറത്തിറങ്ങിയിട്ടുണ്ട്.
ലൈസന്‍സ് നിര്‍ബന്ധം
കുഴല്‍പ്പണ വിതരണത്തിനു തയാറാവുന്ന യുവതികള്‍ ഇരുചക്രവാഹനം ഓടിക്കുന്നവരാകണം. ഇവര്‍ക്കു ലൈസന്‍സും നിര്‍ബന്ധമാണ്.
പോലീസ് പരിശോധനയില്‍ ലൈസന്‍സാണ് ആദ്യം നോക്കുന്നത്. ഇതുണ്ടെങ്കില്‍ മറ്റു പരിശോധനകള്‍ ഉണ്ടാവാറില്ല. വാഹനത്തിന്റെ ഇന്‍ഷ്വറന്‍സും മറ്റു രേഖകളുമെല്ലം കൃത്യമായി സൂക്ഷിക്കണമെന്നും ഹവാലസംഘം നിര്‍ദേശം നല്‍കാറുണ്ട്.
ഹവാല ഷീട്ടും വാട്സ് ആപ്പ് കോളും
ഏജന്റ് യുവതികള്‍ക്കു നല്കുന്ന ഷീട്ടില് പണം കൈമാറേണ്ട വ്യക്തികളുടെ മൊബൈല്‍ നമ്പറും പണം എത്രയെന്നും കൃത്യമായി രേഖപ്പെടുത്തും. വാട്സ് ആപ്പ് കോള്‍ വഴിയാണ് ബന്ധപ്പെടുന്നത്.
സൗദിയിലുള്‍പ്പെടെ വിദേശത്തുനിന്നു ബാങ്കു വഴി പണം അയയ്ക്കുമ്പോള്‍ നിശ്ചിതതുകയ്ക്ക് നികുതിയും അടയ്ക്കണം. അധ്വാനിക്കുന്ന പണത്തിന് നികുതി കൊടുക്കാന്‍ താത്പര്യമില്ലാത്ത മലയാളികള്‍ കൊടുവള്ളിയിലെ ഹവാല ഏജന്റിനു റിയാല്‍ കൈമാറും.
റിയാലിന് ആനുപാതികമായ തുക നാട്ടിലെത്തിക്കുന്നതിന്റെ ഉത്തരാവാദിത്തം ഏജന്റിനാണ്. പ്രത്യേകം കരിയര്‍മാര്‍ വഴി പണം ബംഗളുരുവിലാണ് എത്തിക്കുന്നത്. ഈ പണം പെട്ടിയടിച്ച വാഹനം വഴി നാട്ടിലെത്തിക്കും. ഇവിടുത്തെ ഏജന്റ് പണം എത്തിയാല്‍ വിതരണക്കാര്‍ക്കു കൈമാറും.