തലശേരി: പാനൂർ കടവത്തൂർ പാലത്തായിലെ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചി മുറിയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.
കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അഡ്വ.എസ്.രാജീവ്, അഡ്വ.പി. പ്രേമരാജൻ എന്നിവർ മുഖാന്തിരം നൽകിയ ഹർജിയാണ് ഇന്നലെ പിൻവലിച്ചത്.
അനുബന്ധ കുറ്റപത്രത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു കൊണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.പി. പ്രേമരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു.
അനുബന്ധ കുറ്റപത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി ലഭിച്ചാലുടൻ തുടർ നടപടി ഉണ്ടാകുമെന്നും പ്രേമരാജൻ വ്യക്തമാക്കി. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറാണ് ഏറെ വിവാദമായ ഈ കേസിൽ അനുബന്ധസമർപ്പിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.