സ്വന്തം ലേഖകൻ
തൃശൂർ: ഓടുന്ന ബസിൽ കല്യാണം നടത്തി ഇവന്റ് മാനേജ്മെന്റുകാരുടെ വേറിട്ട പ്രതിഷേധം തൃശൂർ നഗരത്തിൽ കൗതുകക്കാഴ്ചയായി.
കല്യാണ വണ്ടിക്ക് പിന്നാലെ വിലാപയാത്രയും കൂടി സംഘടിപ്പിച്ചതോടെ പ്രതിഷേധം വേറിട്ട സംഭവമായി മാറി. ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് തൃശൂർ ഭാരവാഹികളാണ് തങ്ങളുടെ പ്രതിഷേധം വേറിട്ട രീതിയിൽ പ്രകടിപ്പിച്ചത്.
വടക്കേ സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ശക്തൻ സ്റ്റാൻഡിലാണ് കല്യാണവിലാപയാത്ര സമരം അവസാനിച്ചത്. വടക്കേ സ്റ്റാൻഡിലെ ബസിൽ പ്രതീകാത്മക വിവാഹമാണ് നടത്തിയത്. നാദസ്വരവും പ്രതീകാത്മകമായി താലികെട്ടിന് അകന്പടിയായി.
അസോസിയേഷൻ പ്രസിഡന്റ് ജനീഷ്, സെക്രട്ടറി റിജോ, ട്രഷറർ പിന്േറാ തുടങ്ങി ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
വിവാഹചടങ്ങുകൾ നടത്താൻ ഇവന്റ് മാനേജ്മെന്റുകൾക്ക് അനുവാദം നൽകുക, ലോണ്‍ അനുവദിക്കുക, ലോണുകളുടെ തിരിച്ചടവിന് ആറുമാസ ഇളവനുവദിക്കുക, ഇവന്റ് മാനേജ്മെന്റ് മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, വൈദ്യുതി ബിൽ കുടിശിക തവണ വ്യവസ്ഥയിൽ അടയ്ക്കാൻ അവസരമൊരുക്കുക, ചെറുകിട വ്യവസായങ്ങൾക്കു കീഴിൽ വരുന്ന സ്ഥാപനങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും തങ്ങൾക്കും ലഭ്യമാക്കുക, ജി.എസ്.ടി വകുപ്പിന്റെ പീഡനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വേറിട്ട കല്യാണവിലാപയാത്ര പ്രതിഷേധം ഇവന്റ് മാനേജുമെന്റുകാർ നടത്തിയത്.