സ്വന്തം ലേഖകൻ
തൃശൂർ: മത്സരയോട്ടത്തിനിടെ അമിതവേഗത്തിൽ വന്ന ബസിടിച്ച് രണ്ടു കാർ യാത്രികർ കൊല്ലപ്പെട്ട കേസിൽ ബസ് ഡ്രൈവർക്ക് അഞ്ചുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊഴുക്കുള്ളി മൂർക്കനിക്കര മേപ്പുള്ളി സുധീറിനെ(52)യാണു തൃശൂർ ഒന്നാംക്ലാസ് അഡീഷണൽ അസി. സെഷൻസ് ജഡ്ജി സി.എസ്. അന്പിളി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.
2010 ഏപ്രിൽ 11നാണു പെരുന്പിലാവ് സെന്ററിൽ അപകടമുണ്ടായത്. കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്കു വന്നിരുന്ന സ്വകാര്യ ബസും മറ്റൊരു ബസും തമ്മിലുള്ള മത്സരയോട്ടത്തിനിടെ അശ്രദ്ധമായി ഓവർ ടേക്ക് ചെയ്തപ്പോൾ എതിരെ വന്ന മാരുതി കാറിലിടിച്ചാണു രണ്ടുപേർ മരിച്ചത്.
കോട്ടയത്തുനിന്ന് കണ്ണൂരിലേക്കു പോവുകയായിരുന്ന കാറിലുണ്ടായിരുന്ന അന്നത്തെ വടക്കേക്കര സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു ചെത്തിപ്പുഴ (കോട്ടയം ജില്ല ആറുമാനൂർ മുളമറ്റത്തിൽ ചാക്കോച്ചന്റെ മകനാണ്) സംഭവസ്ഥലത്തു തന്നെ മരിക്കുകയും മറ്റൊരു യാത്രക്കാരനായ ഒൗസേപ്പ് മത്തായി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ദിവസം മരിക്കുകയും ചെയ്തു. കാറിലെ മറ്റു മൂന്നു യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
കാർ വെട്ടിപ്പൊളിച്ചാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്്. കുന്നംകുളം പോലീസ് ബസ് ഡ്രൈവർക്കെതിരെ നരഹത്യയ്ക്കു കേസെടുത്തിരുന്നു.പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോണ്സണ് ടി.തോമസിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ഇത് അപൂർവ വിധി; അമിതവേഗത്തിൽ പായുന്നവർക്കുള്ള താക്കീത്
സ്വന്തം ലേഖകൻ
തൃശൂർ: മത്സരയോട്ടത്തിനിടെ അമിതവേഗതയിൽ അശ്രദ്ധമായി ഓവർടേക്ക് ചെയ്ത ബസിടിച്ച് വികാരിയടക്കം രണ്ടു പേർ മരിക്കാനിടയായി സംഭവത്തിൽ ബസ് ഡ്രൈവറെ അഞ്ചുവർഷത്തേക്ക് തടവിന് ശിക്ഷിച്ചത് അമിതവേഗത്തിൽ നിരത്തുകളിൽ പായുന്നവർക്കുള്ള നീതിപീഠത്തിന്റെ താക്കീത് കൂടിയാണ്.
പൊതുവെ അപകടക്കേസുകളിൽ ഇത്തരമൊരു വിധിയുണ്ടാകാറുള്ളത് അപൂർവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജോണ്സണ് ടി. തോമസ് പറഞ്ഞു.
സാധാരണ അപകടമുണ്ടാകുന്പോൾ അശ്രദ്ധമായി വാഹനമോടിച്ചു എന്ന വകുപ്പുകളാണ് പോലീസ് ചേർക്കാറുള്ളതെന്നും എന്നാൽ ഈ കേസിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കുന്നംകുളം പോലീസ് കേസെടുത്തതെന്നും അതിനാലാണ് അഞ്ചുവർഷത്തെ തടവു ശിക്ഷ കോടതി വിധിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
അപകടമുണ്ടാകുമെന്നറിയാമായിരുന്നിട്ടും അമിതവേഗതയിൽ ബസ് ഓടിച്ചതാണ് അപകടകാരണമെന്ന് പോലീസിന് ബോധ്യപ്പെട്ടതിനാലാണ് മനപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പ് ചുമത്തിയത്.
അപകടത്തിന്റെ സ്വഭാവം മനസിലാക്കി ഈ വകുപ്പ് ചുമത്തുകയെന്നത് അപകടക്കേസുകളിൽ വളരെ നിർണായകമാണ്. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു മാത്രമേ ഈ വകുപ്പു പ്രകാരം കേസെടുക്കാറുള്ളു.
പരിക്കേറ്റവരെ കോടതിയിൽ വിസ്തരിക്കുന്പോൾ പേടിയോടെയാണ് അവർ അന്നത്തെ അപകടം ഓർമിച്ചെടുത്തത്. അപകടത്തിൽ മരിച്ച മാത്യു ചെത്തിപ്പുഴയാണ് കാർ ഓടിച്ചിരുന്നത്.