ചേര്‍ത്തല: എറണാകുളത്തുനിന്ന് യുവാവിനെ തന്ത്രപൂർവം ചേർത്തലയിലെത്തിച്ചു മർദ്ദിച്ച സംഭവത്തില്‍ നാലു പേരെകൂടി പോലീസ് പിടികൂടി. തിരുവല്ല പാനായിക്കടവിൽ അരുൺ കോശിയ്ക്കാണ് (31) മർദ്ദനമേറ്റത്.
ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് കൊച്ചുപറമ്പിൽ അജിത്ത് (27), ചിറയിൽ സ്വരജിത്ത് (24), കുറുംകാട്ടിൽ അനന്ദു (30), ഉദയനാപറമ്പ് സാജൻ (34) എന്നിവരെയാണ് അർത്തുങ്കൽ പോലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 24 ന് രാത്രിയായിരുന്നു സംഭവം.
കാക്കനാട് ടെക്നോപാർക്കിന് സമീപം ഹോസ്റ്റൽ നടത്തിപ്പുകാരനാണ് അരുൺ. ഹോസ്റ്റൽ നടത്തിപ്പ് സംബന്ധിച്ച തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മധുവാണ് തന്ത്രപൂർവം കാറിൽ ചേർത്തലയിൽ എത്തിച്ചതെന്ന് അരുൺ അർത്തുങ്കൽ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
മധു നേരത്തെ ഹോസ്റ്റൽ നടത്തിപ്പുകാരനായിരുന്നു.24 ന് വൈകിട്ട് തിരുവല്ലയിലേക്കു പോകാൻ കാക്കനാട് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് താൻ തിരുവനന്തപുരത്തേക്കാണ് അമ്പലപ്പുഴയിൽ ഇറക്കാം എന്നു പറഞ്ഞ് മധു കാറിൽ കയറ്റിയത്.
യാത്രക്കിടിയില്‍ വേറെയും ചിലർ കാറിൽ കയറി. ചേർത്തല ഭാഗത്ത് എത്തിയപ്പോൾ കാർ ദേശീയപാതയിൽ നിന്ന് തിരിഞ്ഞ് അരീപ്പറമ്പിന് പടിഞ്ഞാറ് എത്തിച്ചായിരുന്നു മർദനം.
സിഐ പി.ജി. മധു, ഗ്രേഡ് എസ്ഐ ആർ.എൽ മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സേവ്യർ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.