സ്വന്തം ലേഖിക
കണ്ണൂർ: ഭാര്യയ്ക്ക് സൗന്ദര്യം പോരാ…. യുവാവിന്റെ ആരോപണം കേട്ട് പോലീസുകാർ ആദ്യം ഒന്ന് ഞെട്ടി. സുന്ദരിയായ ഒരു ഭാര്യയെ മുന്നിൽ നിർത്തിയാണ് യുവാവ് പറയുന്നത്.
അന്വേഷിച്ച് വന്നപ്പോഴാണ് പോലീസിന് കാര്യം മനസിലായത്. അവിഹിതം. ഭാര്യയെക്കാളും സുന്ദരിയായ ഒരു യുവതിയെ കണ്ടപ്പോൾ യുവാവിന് തന്റെ ഭാര്യയ്ക്ക് സൗന്ദര്യം തീരെ പോരാ. പിന്നീട് പീഡനം തുടങ്ങി. സഹികെട്ട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.
ബന്ധം വേർപിരിയണം എന്നായിരുന്നു യുവാവിന്റെ പിന്നീടുള്ള ആവശ്യം. മക്കളുടെ ഭാവി ഓർത്ത് ഭാര്യ ആദ്യം വിസമ്മതിച്ചു. പിന്നീട് ഫോണിലൂടെ ചീത്ത വിളിയായി. സഹികെട്ടാണ് ഭാര്യ കേസ് കൊടുത്തു… ഇങ്ങനെ ദിനം പ്രതി നിരവധി പരാതികളാണ് കണ്ണൂരിൽ വനിതാ സ്റ്റേഷനിൽ എത്തുന്നത്.
കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ 326 പരാതികളാണ് വനിതാ സെല്ലിൽ എത്തിയത്. കൂടുതലും എത്തുന്ന പരാതികൾ മദ്യം കഴിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നു, സംശയരോഗം തുടങ്ങിയവയാണ്.
കണ്ണൂർ റൂറലിൽ അപരാജിത പോർട്ടലിലൂടെ 12 ഉം കണ്ണൂർ സിറ്റിയുടെ പരിധിയിൽ 20തോളം പരാതികളുമാണ് ലഭിച്ചത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയുമായി ഫോണിൽ സംസാരിച്ച് ഒത്തു തീർക്കാൻ പറ്റുന്ന പരാതികളാണെങ്കിൽ അപ്പോൾ തന്നെ തീർപ്പാക്കും.
ഇല്ലാത്തത് സ്റ്റേഷനിൽ വിളിപ്പിച്ച് അവരുമായി സംസാരിച്ച് കൗൺസിലിംഗ് കൊടുക്കും. തുടർന്നും ബന്ധം പിരിയണമെന്ന തീരുമാനമാണെങ്കിൽ ബാക്കിയുള്ള നടപടി ക്രമം ചെയ്യാറാണ് പതിവെന്ന് പോലീസ് പറഞ്ഞു. ബന്ധം വേർപിരിഞ്ഞ ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വർണം തിരിച്ചുതരുന്നില്ലായെന്ന പരാതികളും ഉയർന്നുവരുന്നുണ്ട്.
അതേസമയം ജില്ലയിലെ മലയോര മേഖലകളിൽ നിന്നും ഗാർഹിക പീഡനങ്ങളുടെ പരാതികൾ വളരെ കുറവാണ് ലഭിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ കാലയളവിൽ നൂറോളം പരാതികൾ മാത്രമാണ് വനിതാ സെല്ലിൽ റിപ്പോർട്ട് ചെയ്തത്.