തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണക്കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പോലീസ്.
ഇക്കഴിഞ്ഞ ബുധനാഴ്ച തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് തെളിവെടുപ്പിനും മറ്റുമായി മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നതാണ്.
പ്രതികളെ മധ്യപ്രദേശിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ അനുവദിക്കുകയും പ്രതികളെ കസ്റ്റഡിയിൽ വിടുകയുമുണ്ടായി.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് താലൂക്കാശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ ഒന്നും രണ്ടും പ്രതികൾക്ക് കോവിഡ് സ്ഥിതീകരിക്കുകയും തുടർന്ന് ഇന്നലെ രാവിലെ ഒന്നാം പ്രതിയെ മാത്രമായി തെളിവെടുപ്പിന് മധ്യപ്രദേശിലേക്ക് പോകാനായി പോലീസ് നിശ്ചയിച്ചിരുന്നതുമാണ്.
എന്നാൽ യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പ് ഇയാളുടെയും കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് മൂന്ന് പ്രതികളെയും പോലീസിന്റെ മേൽനോട്ടത്തിലുള്ള ആലപ്പുഴയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കോടതിയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികൾക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഒരേ വാഹനത്തിലാണ് യാത്ര ചെയ്തതെന്നും രണ്ടു ദിവസത്തോളം ഇവർ പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഇവരുമായി അടുത്തിടപഴകിയെന്നും അറിയാൻ കഴിയുന്നു.
പ്രതികളുമായി അടുത്തിടപഴകിയ പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ കേസന്വേഷണം പാടേ നിലയ്ക്കുമെന്ന ആശങ്കയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.