കോട്ടയം: മനുഷ്യരെയും വളർത്തുനായകളെയും തെല്ലും പേടില്ലാതെ കുറുക്കൻമാർ നാട്ടിൻപുറങ്ങളിൽ കോഴിപിടിത്തം പതിവാക്കിയിരിക്കുന്നു.
പൊൻകുന്നത്തും മണിമലയിലും പൂഞ്ഞാറിലുമൊക്കെ കുറുക്കൻകൂട്ടം നാട്ടുകാരെ ആക്രമിച്ച സംഭവമുണ്ടായി. ചിറക്കടവിൽ ചായക്കടയ്ക്കു പിന്നിലെത്തി കുറുക്കൻ ചോറും കറികളും തിന്നതും കൗതുകം.
ഇതിനൊപ്പം കോരുത്തോട്ടിലും വെച്ചൂച്ചിറയിലുമൊക്കെ മരപ്പട്ടിയും പാക്കാനും നരിയും നാട്ടിൻപുറങ്ങളിൽ വാസമാക്കിയിരിക്കുന്നു.
പന്പാവാലി, മടുക്ക, മതന്പ പ്രദേശങ്ങളിൽ മ്ലാവും കേഴയും മലയണ്ണാനും കുരങ്ങും വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.
വനയോരമേഖലയിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായിരിക്കുന്നു. പെരുവന്താനം, നിർമലഗിരി, മടുക്ക, കോരുത്തോട്, മൂലക്കയം എന്നിവിടങ്ങളിൽ പുലർച്ചെ ടാപ്പിംഗ് തൊഴിലാളികൾക്ക് കാട്ടുപന്നിക്കൂട്ടം ഭീഷണിയാണ്.
കാടിന്റെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാകാം ഇവയൊക്കെ നാടിറങ്ങി വാസമാക്കാൻ കാരണമെന്നാണ് പരിസ്ഥിതി നിരീക്ഷകരുടെ പക്ഷം. കാട്ടിൽ തീറ്റയില്ലാതെ വന്നതോ എണ്ണം പെരുകിയതോ ആകാം കാരണമെന്നു വനപാലകർ നിരീക്ഷിക്കുന്നു.
എന്നാൽ റബർത്തോട്ടങ്ങൾ ടാപ്പിംഗ് നിലച്ചു കുട്ടിവനങ്ങളായതോടെ കുറുക്കനും നരിയുമൊക്കെ തോട്ടങ്ങളിലെ പാറയിടുക്കളിലും വള്ളിപ്പടർപ്പുകളിലും പാർപ്പുറപ്പിച്ചതാകാം എന്നാണ് മറ്റിടങ്ങളിലെ നിരീക്ഷണം. നാട്ടിൽ കോഴിവളർത്തൽ മുൻകാലങ്ങളേക്കാൾ വർധിച്ചതോടെ ഇരപിടിത്തവും എളുപ്പമായി.
എല്ലായിനം പാന്പുകളും പെരുകിയതോടെ കീരികളും തോട്ടങ്ങളിൽ ഏറെയുണ്ട്. മനുഷ്യ സന്പർക്കത്തിൽനിന്ന് അകലം പാലിച്ചു നിൽക്കുന്ന കാട്ടുജീവികളുടെ ശല്യം മുൻപൊരിക്കലും ഇത്തരത്തിലുണ്ടായിട്ടില്ല.
മലയണ്ണാന്റെ ശല്യം കൂടിയതോടെ പന്പയിലും അഴുതയിലും കൊക്കൊ കൃഷി നിർത്തിയവരുണ്ട്. മ്ലാവും കാട്ടുപന്നിയും രാപ്പകൽ വ്യത്യാസമില്ലാതെ കഴിഞ്ഞ മാസങ്ങളിൽ നട്ട കപ്പയും ചേന്പും കുത്തിമറിക്കുന്നു. റബർ മരങ്ങളുടെ തൊലി മ്ലാവുകൾ തിന്നുനശിപ്പിക്കുന്നുമുണ്ട്.
കുറക്കൻമാർ ഓരിയിടന്നതും പട്ടാപ്പകൽ കോഴികളെയും താറാവുകളെയും മുയലുകളുടെയും മോഷ്ടിക്കുന്നതും സാധാരണമായിരിക്കുന്നു. എന്നാൽ ഇവ കുറുക്കനല്ല പാക്കാൻ ഇനത്തിൽപ്പെട്ട മറ്റു ജീവിയാണെന്നും പറയപ്പെടുന്നു.