തൊടുപുഴ: കാമുകനൊപ്പം പോയ പെണ്‍കുട്ടിയെച്ചൊല്ലി മുട്ടം കോടതി വളപ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം.
ഇന്നലെ വൈകുന്നേരം 5.30നായിരുന്നു നാടകീയമായ സംഭവം. മകളെ തട്ടിക്കൊണ്ടു പോയെന്ന തൊടുപുഴ സ്വദേശിയായ അഭിഭാഷകന്റെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി.
തുടർന്ന് ഇന്നലെ വൈകുന്നേരം പോലീസ് പെണ്‍കുട്ടിയെ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വിചാരണയ്ക്കിടെ കാമുകന്റെയൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി ജഡ്ജിയെ അറിയിച്ചു. തുടർന്ന് പ്രായപൂർത്തിയായ വ്യക്തിയെന്ന പരിഗണനയിൽ ഇഷ്ടമുള്ളയാൾക്കൊപ്പം പോകാൻ ജഡ്ജി പെണ്‍കുട്ടിയെ അനുവദിച്ചു.
ഇതിനിടെ കോടതിയിൽ നിന്ന് പുറത്തേക്ക് വന്ന പെണ്‍കുട്ടിയെ കാത്തു നിന്ന പിതാവും ബന്ധുക്കളും ചേർന്ന് പെണ്‍കുട്ടിയെ കാറിൽ കയറ്റാൻ ശ്രമിച്ചു.
എന്നാൽ പെണ്‍കുട്ടി ബഹളം വയ്ക്കുകയും കോടതിയുടെ പുറത്ത് നിന്നിരുന്ന കാമുകനും കൂട്ടരും ഇവരെ തടയുകയും കൂടി ചെയ്തതോടെ സംഘർഷാവസ്ഥയുണ്ടായി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എല്ലാവരെയും പുറത്താക്കി കോടതിയുടെ ഗേറ്റ് അടച്ചാണ് പ്രശ്നം പരിഹരിച്ചത്.