താമരശേരി: കൊടുവളളിയില്‍ അതിഥി തൊഴിലാളിയെ കവര്‍ച്ചാസംഘം സ്കൂട്ടറില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജീബുല്‍ ഷെയ്ഖി(35)നെയാണ് കവര്‍ച്ചയ്ക്കിടെ മൂവര്‍ സംഘം ബൈക്കില്‍ വലിച്ചിഴച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
കൊടുവള്ളി മദ്രസാബസാറിലെ ദേശീയപാതയ്ക്കരിലുള്ള വാടക കെകട്ടിടത്തില് നജീബുല്‍ ഷെയ്ഖ് താമസിക്കുന്ന മുറിയില്‍ കയറിയ മൂന്നംഗ സംഘം 5000 രൂപയും പത്തിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ചു.
ഇതിനിടെ ശബ്ദം കേട്ടുണര്‍ന്ന നജീബുല്‍ ഷെയ്ഖ് മോഷ്ടാക്കളുടെ പിന്നാലെ ഓടി. എന്നാല്‍ ഇവര്‍ സ്കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നജീബുല്‍ ഷെയ്ഖ് ഇവരുടെ ബൈക്കില്‍ കയറി പിടിച്ചു.
അക്രമികള്‍ ഇയാളെ പത്ത് മീറ്ററോളം വലിച്ചിഴച്ച് രക്ഷപ്പെട്ടുകയായിരുന്നു. വീഴ്ച്ചയില്‍ സാരമായി പരുക്ക് പറ്റിയ നജുമുല് ഷെയ്ഖിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും കൊടുവളളി ഇന്‍സ്പെക്ടര്‍ എം.പി.രാജേഷ് പറഞ്ഞു.
കൊടുവളളി പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാഴ്ച്ച മുമ്പ് സമാന രീതിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ കവര്‍ച്ച ശ്രമത്തിനിടയില്‍ ബൈക്കില്‍ വലിച്ചിഴച്ചിരുന്നു.
എളേറ്റില്‍ വട്ടോളിയില്‍ ബിഹാര്‍ സ്വദേശിക്ക് നേരെയായിരുന്നു അതിക്രമം. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായി ഇവര്‍ക്കു നേരെയുണ്ടാവുന്ന അക്രമത്തില്‍ അതിഥി തൊഴിലാളികള്‍ളും ഭയപ്പാടിലാണ്.