കാഞ്ഞങ്ങാട്: മലയോരത്തിന്റെ ഗൃഹാതുരത്വമായി ‘വിജയലക്ഷ്മി’. ഓരോ നാടിന്റെയും ഹൃദയസ്പന്ദനമായി ചില സ്വകാര്യ ബസുകളുണ്ടാകും.
മലയോരമേഖലയില്‍ റോഡുകളും വാഹനങ്ങളും ഇത്രകണ്ട് വികസിക്കാതിരുന്ന കാലത്ത് നാടിന് യാത്രാമാര്‍ഗം തുറന്നുതന്ന ചില ബസുകള്‍.
ആ ബസുകളുടെ സമയത്തെ ആശ്രയിച്ചായിരുന്നു മുന്‍കാലങ്ങളില്‍ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചിരുന്നത്.ഈ ബസുകളുടെ ട്രിപ്പൊന്ന് മുടങ്ങിയാല്‍ പോലും മലയോരത്തെ ദൈനംദിന ജീവിതം താളംതെറ്റുമായിരുന്നു.
ഈ ഉത്തരവാദിത്വം മനസിലുള്ളതുകൊണ്ട് കഴിയുന്നത്ര ട്രിപ്പുകള്‍ മുടക്കാതെയും ഏതെങ്കിലും അത്യാവശ്യഘട്ടത്തില്‍ മുടക്കേണ്ടിവരികയാണെങ്കില് സ്ഥിരം യാത്രക്കാരെ മുന്‍കൂട്ടി വിവരമറിയിച്ചും മാത്രം ഓടിയിരുന്ന ബസുകള്‍.
അക്കൂട്ടത്തിലൊരു ബസാണ് മൂന്നു പതിറ്റാണ്ടോളം കാലം കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നും കാഞ്ഞങ്ങാട് വരെ ഓടിയെത്തിയിരുന്ന ശ്രീ വിജയലക്ഷ്മി ട്രാവല്‍സ്.
സംസ്ഥാനപാതയൊക്കെ ഇന്നു കാണുന്ന രൂപം കൈവരിക്കുന്നതിനു മുമ്പ് മലമ്പാതകള്‍ താണ്ടി നഗരത്തിലേക്കെത്തിയ ആദ്യ ബസുകളിലൊന്നാണ് വിജയലക്ഷ്മി.
കൂര്‍ഗിലെ മടിക്കേരിയില്‍ നിന്നും പാണത്തൂര്‍ വരെ എത്താനുള്ള അന്തര്‍സംസ്ഥാന പാതയാണെങ്കില്‍ അന്നൊക്കെ പലയിടത്തും കാട്ടുപാത മാത്രമായിരുന്നു.
ഈ വഴിയെല്ലാം കടന്ന് മലഞ്ചരക്കുകളും കൂര്‍ഗില്‍ നിന്നുള്ള സാധനസാമഗ്രികളുമൊക്കെയായി വരുന്ന ബസ് നഗരത്തിലുള്ളവര്‍ക്കും വിസ്മയക്കാഴ്ചയായിരുന്നു.
ഒരു ബസില്‍ സാധാരണ കാണാറുള്ള ഗാരേജ് ടൂള്സിനൊപ്പം വാളും കോടാലിയും കയറുമൊക്കെ ഉള്ളില്‍ കരുതിയായിരുന്നു അന്നൊക്കെ വിജയലക്ഷ്മിയുടെ യാത്ര.
വഴിയിലെവിടെയെങ്കിലും മരം വീണിട്ടുണ്ടെങ്കില്‍ വെട്ടിമാറ്റി യാത്ര തുടരാന്‍ അത് അനിവാര്യമായിരുന്നു. മറ്റൊരു വാഹനവും കാര്യമായി കടന്നുപോകാത്ത വഴിയുമായിരുന്നു.
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പാതകളും പാലമില്ലാത്ത നീര്‍ച്ചാലുകളും കടന്നായിരുന്നു ബസ്സിന്റെ യാത്ര.കാലക്രമത്തില്‍ മലയോരത്തെ റോഡുകളും അതിര്‍ത്തിക്കിരുവശത്തുമുള്ള ചെറു നഗരങ്ങളും വളര്‍ന്നു വികസിച്ചു.
അതിനിടയില്‍ വിജയലക്ഷ്മി ട്രാവല്‍സിനും ബാഗമണ്ഡലം കേന്ദ്രമായി എട്ട് ബസുകളായി. എങ്കിലും അന്തര്‍സംസ്ഥാന സര്‍വീസ് ഇതൊന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
കാഞ്ഞങ്ങാട് സര്‍വീസ് അവസാനിപ്പിച്ച് പാണത്തൂര്‍ വരെ മാത്രമാണ് സമീപകാലം വരെ സര്‍വീസ് നടത്തിയിരുന്നത്.
കോവിഡ് നിയന്ത്രണങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് വിലക്കുണ്ടായതോടെ വിജയലക്ഷ്മിക്കും ഓട്ടം നിര്‍ത്തേണ്ടിവന്നു. എങ്കിലും നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് വീണ്ടും സര്‍വീസ് തുടങ്ങാമെന്നാണ് പ്രതീക്ഷ