തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയെ കേരള സർവകലാശാലയുടെ മലയാള മഹാനിഘണ്ടു (ലെക്സിക്കണ്‍) വകുപ്പ് മേധാവിയായി നിയമിച്ചതു വിവാദത്തിലേക്ക്.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓണ്സ്പെഷൽ ഡ്യൂട്ടിയുമായ വ്യക്തിയുടെ ഭാര്യയും സംസ്കൃത അധ്യാപികയുമായ ഡോ.പൂർണിമ മോഹനെയാണു യോഗ്യതകൾ മറികടന്നു നിയമിച്ചതെന്നു ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റി, ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകി.
മലയാളഭാഷയിൽ പ്രാവീണ്യവും ഗവേഷണബിരുദവും 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.
ലെക്സിക്കണ്‍ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രഫസറെ ചുമതലയിൽനിന്നു നീക്കിയാണ് പുതിയ നിയമനം. മലയാളഭാഷാ പണ്ഡിതരായിരുന്ന ഡോ.ശൂരനാട് കുഞ്ഞൻ പിള്ള, ഡോ.ബി.സി. ബാലകൃഷ്ണൻ, ഭാഷാ ശാസ്ത്ര പണ്ഡിതനായ ഡോ. പി. സോമശേഖരൻ നായർ എന്നിവരടക്കമുള്ള മലയാളം പ്രഫസർമാരാണു മുൻപ് ലെക്സിക്കണ്‍ എഡിറ്റർമാരായി പ്രവർത്തിച്ചിരുന്നത്.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായിരുന്നു ഡോ. പൂർണിമ. സംസ്കൃത അധ്യാപികയെ മലയാള മഹാ നിഘണ്ടുവിന്റെ മേധാവിയായി നിയമിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്നു സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റിയുടെ നിവേദനത്തിൽ പറയുന്നു.
മുതിർന്ന മലയാളം പ്രഫസർമാരെ ഒഴിവാക്കിയാണു സംസ്കൃത അധ്യാപികയ്ക്കു നിയമനം നൽകിയത്. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു പെൻഷൻ പരിഷ്കരണം പോലും സർവകലാശാല നിർത്തിവച്ചിരിക്കുന്പോഴാണ് മാസം രണ്ടു ലക്ഷം രൂപ അധികച്ചെലവിൽ നിയമനം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.