ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കു സന്തോഷം ആസ്വദിക്കാനാണ് ഇന്ധന വിലകൾ കൂട്ടുന്നതെന്ന വിചിത്ര ന്യായവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി.
പെട്രോൾ, ഡീസൽ, പാചകവാതകവിലകൾ നിയന്ത്രിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മധ്യപ്രദേശിലെ ശാസ്ത്ര സാങ്കേതിക, ചെറുകിട വ്യവസായ മന്ത്രി ഓം പ്രകാശ് സകലേച്ച കുറ്റപ്പെടുത്തി.
നല്ല കാലത്തിന്റെ സന്തോഷം മനസിലാക്കുന്നതിന് പ്രശ്നങ്ങൾ സഹായിക്കും. കുഴപ്പമൊന്നുമില്ലെങ്കിൽ നിങ്ങൾക്കു സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയില്ല.
ഇന്ധനവില കൂടുന്നത് പ്രധാനമന്ത്രിയുടെ പരാജയമാണെന്നത് അഭ്യൂഹ പ്രചാരണമാണ്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്ഗ്രസ് വിട്ട് ബിജെപി മന്ത്രിസഭയിൽ അംഗമായ സകലേച്ച പറഞ്ഞു.
ഇതിനിടെ, ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത അടക്കമുള്ള വൻനഗരങ്ങളിലും തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, പൂന, ഭോപ്പാൽ, ജയ്പുർ അടക്കമുള്ള മറ്റു പ്രധാന നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്നു.
കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ബിഹാർ, ഒഡീഷ, പശ്ചിമബംഗാൾ, പഞ്ചാബ്, ജമ്മു കാഷ്മീർ, ലഡാക്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിലും പെട്രോൾ വില നൂറു രൂപ പിന്നിട്ടു.
ഡീസൽ വിലയും സെഞ്ചുറിയിലേക്ക് അടുക്കുന്നു. മുംബൈയിൽ പെട്രോളിന് 106.93, ഡീസലിന് 97.46 രൂപയും ഡൽഹി 100.91, 89.88, ചെന്നൈ 101.71, 94.43, കോൽക്കത്ത 101.01, 92.97 രൂപ എന്നിങ്ങനെയാണ് ഇന്നലെ വില.