ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ പീഡനത്തിനിരയായി ആറു വയസുകാരി കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടെന്ന വിവരം പുറത്തു വന്നതോടെ എംഎൽഎ വെട്ടിലായി.
സംഭവം യുഡിഎഫ് ഏറ്റെടുത്തതോടെ എംഎൽഎയ്ക്കു നേരേ വിമർശനങ്ങളുമുയർന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അർജുനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിക്കാൻ ചേർന്ന യോഗത്തിലാണ് വാഴൂർ സോമൻ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.
പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനുസരിച്ച് താൻ പോസ്റ്റ്മോർട്ടം ഒഴിവാക്കാമോയെന്ന് പോലീസിനോട് ആവശ്യപ്പെട്ടെന്നാണ് എംഎൽഎ യോഗത്തിൽ പറഞ്ഞത്. എന്നാൽ പോലീസ് ചില സംശയങ്ങൾ പ്രകടിപ്പിച്ചതോടെ താനും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പറയുകയായിരുന്നു.
എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായി വിവാദമാക്കുകയായിരുന്നെന്നാണ് വാഴൂർ പറയുന്നത്.എന്നാൽ പ്രതി അർജുൻ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായതിനാൽ എംഎൽഎയുടെ ഇടപെടലിൽ സംശയമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
അപകടമാണെങ്കിൽ കൂടി പോസ്റ്റ്മോർട്ടം നിർബന്ധമാണെന്നിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടു നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
ഇതിനിടെ വനിത കമ്മീഷൻ അംഗം ഷാഹിദ കമാലും വണ്ടിപ്പെരിയാർ സംഭവത്തിന്റെ പേരിൽ പുലിവാൽ പിടിച്ചു. ഷാഹിദ കമാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയാണ് വിവാദം. വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയിൽ എന്ന പേരിലാണ് ഷാഹിദ കമാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
പോസ്റ്റിനോടൊപ്പമുള്ള ചിരിക്കുന്ന ചിത്രമാണ് വിവാദത്തിന് തിരി കൊളുത്തിയത്. പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ അപമാനിക്കുന്നതാണ് ഷാഹിദ കമാലിന്റെ ഫോട്ടോയെന്നാണ് പലരും കുറിച്ചത്. വി.ടി.ബൽറാം, കെ.എസ്.ശബരീനാഥൻ എന്നിവരും പോസ്റ്റിനെതിരെ രംഗത്തു വന്നിരുന്നു.
മണിക്കൂറുകൾക്കും ഷാഹിദ കമാൽ പോസ്റ്റ് നീക്കം ചെയ്തു. സംഭവം യുഡിഎഫും ബിജെപിയും രാഷ്ട്രീയമായി ഏറ്റെടുത്തതോടെ പ്രധാന നേതാക്കളെല്ലാം തന്നെ പെണ്‍കുട്ടിയുടെ വീടു സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ, സുരേഷ് ഗോപി എംപി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
ഇന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ എന്നിവരും വണ്ടിപ്പെരിയാറ്റിലെത്തും. ഇതിനിടെ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയില്ല എന്ന് ആരോപണമുയർന്നിരുന്നു.
ഇതേ തുടർന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫോണിലൂടെ ബന്ധുക്കളെ വിളിച്ച് ആശ്വസിപ്പിച്ചു. നാളെ മന്ത്രി റോഷി അഗസ്റ്റിനും വണ്ടിപ്പെരിയാറ്റിലെത്തുന്നുണ്ട്.