രേഷ്മയുടെ ഫേസ്ബുക്ക് ചരിത്രം ചികിഞ്ഞ പോലീസ് സംഘം ശരിക്കും ഞെട്ടിയത് അക്കൗണ്ടുകളുടെ എണ്ണം കണ്ടാണ്. ഒന്നും രണ്ടുമല്ല 14 ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മ ഉണ്ടാക്കിയിരുന്നത്.
പല അക്കൗണ്ടുകളും കുറെക്കാലത്തിനു ശേഷം ഡിലിറ്റ് ചെയ്തതായും വ്യക്തമായി. രേഷ്മയുടെ കാമുകനെ കണ്ടെത്തുക എന്നത് അപ്പോഴും ബാലികേറാമല പോലെ പോലീസിനു മുന്നിൽനിന്നു.
കാമുകനെക്കുറിച്ചു ഫേസ്ബുക്ക് വിവരങ്ങൾ മാത്രമേയുള്ളൂ എന്നതിനാൽ അയാളെ കണ്ടെത്തുകയെന്നത് ദുഷ്കരമായി മാറി.
അനന്തു എന്ന അക്കൗണ്ടിലാണ് കാമുകൻ ചാറ്റ് ചെയ്തുകൊണ്ടിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആ വഴി തിരിച്ചു.
കൊല്ലം ജില്ലയിലും പരിസര ജില്ലകളിലുമായി അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ടുള്ള ഇരുനൂറ്റിമുപ്പതോളം പേരുള്ളതായി പോലീസ് മനസിലാക്കി. ബാങ്ക് ജീവനക്കാരനാണ് കാമുകനെന്നാണ് രേഷ്മയോടു പറഞ്ഞിരുന്നത്.
ഇതുപ്രകാരം അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അനന്തുമാരിൽ ചിലർ ബാങ്ക് ജീവനക്കാരനാണെന്നും പോലീസ് മനസിലാക്കി. എന്നാൽ, ഇതിൽ ആരായിരിക്കും മറഞ്ഞിരിക്കുന്ന കാമുകൻ എന്നത് അപ്പോഴും അജ്ഞാതമായിരുന്നു.
അതോടെ, ലിസ്റ്റിലെ ബാങ്ക് ജീവനക്കാരായവരെയെല്ലാം പോലീസ് നിരീക്ഷണത്തിലാക്കി. അനന്തു എന്നു ഫേസ്ബുക്ക് അക്കൗണ്ടുള്ളവരെല്ലാം പോലീസ് നിരീക്ഷണത്തിലാണെന്നു മാധ്യമങ്ങൾ വാർത്ത നല്കിയതോടെ ഫേസ്ബുക്കിലെ അനന്തുമാർ എല്ലാം മുൾമുനയിലായി. ഇതറിഞ്ഞ ഇവരുടെ കുടുംബാംഗങ്ങളും ഉത്ക്കണ്ഠയിലായി.
മറച്ചുവച്ച ഫോൺ
രേഷ്മയുടെ കാമുകനെക്കുറിച്ചും ചാറ്റിംഗിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാനാണ് ഉറ്റബന്ധുക്കളും കൂട്ടുകാരുമായ ആര്യയെയും ഗ്രീഷ്മയെയും പോലീസ് വിളിപ്പിച്ചത്.
എന്നാൽ, ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആര്യയും ഗ്രീഷ്മയും പോലീസ് സ്റ്റേഷനിലെത്താതെ ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയതോടെ കേസ് കൂടുതൽ സങ്കീർണമായി.
നവജാതശിശുവിനു പിന്നാലെ രണ്ടു പെൺകുട്ടികൾക്കുകൂടി ജീവൻ നഷ്ടമായതോടെ കേസ് വലിയ ചർച്ചയായി മാറി.
രേഷ്മയുടെ കാമുകനെ ഇവർക്കറിയാമെന്നും അതു മറച്ചുവയ്ക്കാനാണ് ജീവനൊടുക്കിയതെന്നുമൊക്കെ നാട്ടിൽ സംസാരമുണ്ടായി.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നതിന്റെ പേരിൽ യുവതികൾ ജീവനൊടുക്കണമെങ്കിൽ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യങ്ങൾ ഇവരെയും ചുറ്റിപ്പറ്റിയുണ്ടാകുമെന്ന നിഗമനത്തിലേക്കു പോലീസും എത്തി.
പോലീസ് അന്വേഷണം ആ വഴിയിലേക്കു തിരിഞ്ഞു. ആര്യയുടെ ഫോൺ നമ്പർ പോലീസ് കണ്ടുപിടിച്ചു. ഗ്രീഷ്മക്കു ഫോൺ ഇല്ലെന്നു വീട്ടുകാർ പറഞ്ഞെങ്കിലും പോലീസ് ഗ്രീഷ്മയുടെ ഫോൺ നമ്പർ കണ്ടെത്തി.
ഒന്നല്ല രണ്ട് നമ്പരുകൾ. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെയായിരുന്നു ഗ്രീഷ്മ ഫോൺ ഉപയോഗിച്ചിരുന്നതെന്നു കരുതുന്നു.
ഗ്രീഷ്മയുടെ സുഹൃത്ത്
ഗ്രീഷ്മ പതിവായി ബന്ധപ്പെട്ടിരുന്ന ഫോൺ നന്പരുകളുടെ ലിസ്റ്റ് പോലീസ് എടുത്തപ്പോൾ ഒരു നന്പരിലേക്കു പലവട്ടം വിളിച്ചിട്ടുള്ളതായി മനസിലായി.
ഗ്രീഷ്മയുടെ പരവൂർ സ്വദേശിയായ സുഹൃത്തിന്റേതായിരുന്നു ഈ നന്പർ. ഇതോടെ സുഹൃത്തിൽനിന്നു വിവരങ്ങൾ തേടാൻ തീരുമാനിച്ചു. ഈ സുഹൃത്തിനെ ആദ്യവട്ടം ചോദ്യംചെയ്യലിനു വിളിപ്പിച്ചപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി.
പക്ഷേ, കേസിൽ നിർണായകമാണ് ഈ മൊഴിയെടുപ്പ് എന്നതിനാൽ പോലീസ് പിന്മാറിയില്ല. ആദ്യ രണ്ടുവട്ടവും എല്ലാം തുറന്നു പറയാൻ ഇയാൾ തയാറായില്ലെങ്കിലും മൂന്നാം വട്ട ചോദ്യംചെയ്യലിൽ സുഹൃത്ത് നിർണായകമായ വെളിപ്പെടുത്തൽ നടത്തി.
ഗ്രീഷ്മ തമാശക്കഥകൾ പറഞ്ഞ കൂട്ടത്തിൽ തന്നോടു പറഞ്ഞ ആ കഥയും സുഹൃത്ത് പോലീസിനോടു പറഞ്ഞു. കേസിൽ തന്നെ വലിയ വഴിത്തിരിവ് ഉണ്ടാക്കിയതായിരുന്നു ഈ വെളിപ്പെടുത്തൽ.
(തുടരും)