രാജ്യത്തെ മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഹന ഖാന് എന്ന വനിതാ പൈലറ്റിന്റെ പേരാണ് ആപ്പില്‍ ആദ്യമുള്ളത്.
സുഹൃത്ത് വഴിയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ ഹന വെളിപ്പെടുത്തുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ പരിഹസിക്കുന്നതിനായി ചില ട്രോളന്മാര് സുള്ളി ഡീല്‍സ് എന്ന ആപ്പ് വെബ്സൈറ്റ് വഴിയാണ് അങ്ങേയറ്റം വംശീയമായ ഈ ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തില്‍ നേരിട്ട് ഇടപെടുന്നവരെയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള അവരുടെ ചിത്രങ്ങള്‍ സഹിതം ‘ ഡീല്‍ ഓഫ് ദി ഡേ’ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മലയാളിയും ജാമിയ സമരത്തിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന ലദീദ ഫര്‍സാനയും തന്റെ പേര് ലിസ്റ്റില്‍ കണ്ടിരുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇത് നീക്കം ചെയ്തിരുന്നു.
20 ദിവസത്തിലേറെയായി സൈറ്റ് പ്രവര്‍ത്തിക്കുകയാണെന്നും ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു.
വലിയ പ്രതിഷേധമാണ് ആപ്പിനെതിരെ ഉയരുന്നത്. ഹനയുടെ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.