സ്വന്തം ലേഖകൻ
അയ്യന്തോൾ: പുതിയ കളക്ടറായി ചുമതലയേറ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഹരിത വി. കുമാർ കർമ്മനിരതയായി. കളക്ടർ ചുമതലയേൽക്കുന്ന ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങൾ കഴിയുന്പോഴേക്കും കളക്ടറുടെ ചേംബറിലേക്ക് നാട്ടികയിൽ നിന്നുള്ള പ്രായമായ ഒരാൾ അപേക്ഷയുമായി എത്തി.
ചേംബറിനകത്തെ കസേരകളും മറ്റും ഫോട്ടോഗ്രാഫർമാർക്കും ചാനലുകാർക്കും ചിത്രങ്ങൾ പകർത്താനുള്ള സൗകര്യാർത്ഥം പിന്നിലേക്ക് നീക്കിയിട്ടിരിക്കുകയായിരുന്നു.
അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്നും അപേക്ഷ വാങ്ങി വായിച്ച പുതിയ കളക്ടർ ജീവനക്കാരോട് വൃദ്ധന് ഇരിക്കാൻ കസേര കൊണ്ടുവന്നു കൊടുക്കാനും നിർദ്ദേശം നൽകി. ഉടൻ ജീവനക്കാർ കസേരയെത്തിക്കുകയും വൃദ്ധനോട് അതിലിരിക്കാൻ കളക്ടർ പറയുകയും അദ്ദേഹത്തോട് ഹരിത കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
അയ്യന്തോൾ: സബ് കളക്ടറായി സേവനമനുഷ്ഠിച്ച തൃശൂരിലേക്ക് കളക്ടറായി തിരിച്ചെത്താൻ കഴിഞ്ഞതിന്റെ ത്രില്ലിലും സന്തോഷത്തിലുമായിരുന്നു പുതിയ കളക്ടർ ഹരിത വി കുമാർ.
2016ലാണ് ഹരിത തൃശൂരിൽ സബ് കളക്ടറായി സേവനമനുഷ്ഠിച്ചത്. ഒരു വർഷത്തോളം പ്രവർത്തിച്ച തൃശൂരിലേക്ക് തിരിച്ചെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സ്ഥാനമേറ്റ ശേഷം അവർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് കളക്ടർ പറഞ്ഞു. മലയോര മേഖലയിലെ പട്ടയവിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ഹരിത വി. കുമാർ അറിയിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും തെരുവിൽ കഴിയുന്നവരുടെയും പാവപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.