ആലപ്പുഴ: സംഗീതമാന്ത്രികന് എ.ആര്. റഹ്മാനില്‍നിന്നു നേരിട്ടു പ്രശംസ ഏറ്റുവാങ്ങിയ ത്രില്ലില്‍ യുവ സംഗീത സംവിധായകന് ഗൗതം വിന്‍സെന്റും ഗായിക ഗായത്രി രാജീ വും.
എ.ആര്. റഹ്മാന് നടത്തിയ സംഗീത മത്സരത്തില്‍ വിജയികളായ ഇവര്‍ പുതിയ തമിഴ് ആല്‍ബവുമായി രംഗത്തിറങ്ങുകയാണ്. ലോക്ഡൗണിന്റെ വിരസതയെ സംഗീതം കൊണ്ടു മാറ്റുകയാണ് ഗൗതവും ഗായത്രിയും.
ഗായികയായ സോണി മോഹന്‍ എഴുതി ഗൗതം സംഗീതം ഒരുക്കിയ കനവാലേ യെനക്കുലേ എന്ന തമിഴ്ഗാനത്തിലൂടെ തമിഴ്ലോകം കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടുകെട്ട്. ഗായത്രിയും ജോബ് ഏബ്രാഹവുമാണ് ഗായകര്‍.
എ.ആര്. റഹ്മാന് അഖിലേന്ത്യാ തലത്തില്‍ ഓണ്‍ലൈനായി നടത്തിയ കവര്‍ സോംഗ് മത്സരത്തില്‍ വിജയികളായ പത്തുപേരില്‍ രണ്ടു പേരാണ് ഗൗതവും ഗായത്രിയും.
സംഗീതപ്രാധാന്യമുള്ള 99 സോംഗ്സ് സിനിമയുടെ പ്രമോഷന്റെ ഭാഗമായായിരുന്നു മത്സരം. ആയിരത്തിലേറെ പേര് പങ്കെടുത്തിരുന്നു.
ഗൗതം എഴുതി കാക്കനാട് സ്വദേശി ഗായത്രി രാജീവ് ആലപിച്ച ഗാനമാണ് ഇരുവര്‍ക്കും വിജയികളുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു മത്സരം.
ഫലം വന്നതിനു പിന്നാലെ റഹ്മാന് വിജയികളെ നേരിട്ട് അഭിനന്ദിച്ചിരുന്നു. എആര്‍. റഹ്മാന്റെ സംഗീതലോകമാണ് ഇവരെ കാത്തിരിക്കുന്നത്.
ആലപ്പുഴ ഗുരുപുരം കുന്നുങ്കല്‍ ഷാജി- ജോസിമ ദമ്പതികളുടെ മകനാണ് ഗൗതം. അമ്മ തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്കൂള്‍ അധ്യാപികയായ ജോസിമ ഗാനങ്ങള്‍ രചിക്കുമായിരുന്നു.
അച്ഛന് ജോലി ചെയ്യുന്ന നൈജീരിയയിലേക്ക് പോയപ്പോള്‍ അവിടെ തമിഴ്നാട് സ്വദേശിയായ ഹേമയ്ക്ക് കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
തുടര്‍ന്ന് എ.ആര്. റഹ്മാന്റെ മ്യൂസിക് പ്രോഗ്രാമറായിരുന്ന ഹെന്‍ട്രി കുരുവിളയുടെ ശിഷ്യനായി. സൗണ്ട് എന്‍ജിനിയറിംഗ് ബിരുദധാരിയായ ഗൗതം, അമ്മ എഴുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിലൂടെയായിരുന്നു സംഗീതസംവിധായകനായത്.
അമ്മ തന്നെ എഴുതി, കെ.എസ്. ഹരിശങ്കര്‍ ആലപിച്ച ‘ഓണം വന്നേ’ എന്ന ആല്‍ബം ഏറെ തരംഗമായി. എം. ജി. ശ്രീകുമാര്‍, വിജയ് യേശുദാസ്, അല്‍ഫോന്‍സ്, വിധു പ്രതാപ്, ഗായത്രി, നിത്യാ മാമ്മന്‍ തുടങ്ങിയവര്‍ ഗൗതം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
വജ്രഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംഗീതസംവിധാന മത്സരത്തിലും ഗൗതം ഒന്നാംസ്ഥാനം നേടിയിരുന്നു.
നെഹ്റുട്രോഫി വള്ളംകളിക്കുവേണ്ടി രണ്ടു പ്രാവശ്യം മുദ്രാഗാനം ചിട്ടപ്പെടുത്തി. പ്രസിദ്ധമായ ഐആം ഫോര്‍ ആലപ്പിയുടെ തീം സോംഗ് ചിട്ടപ്പെടുത്തിയതും ഗൗതമാണ്.
സ്റ്റേറ്റ് മാരിടൈം ബോര്‍ഡിലെ ചീഫ് മെക്കാനിക്കല്‍ എന്‍ജിനിയര്‍ രാജീവ് മോന്റെയും ബിസിനസ് നടത്തുന്ന സോണിയയുടെയും മകളാണ് ഗായത്രി.
ശബ്ദം കൊണ്ട് എ.ആര്. റഹ്മാനെ മാത്രമല്ല ശ്രേയ ഘോഷാലിനെയും ഗായത്രി കൈയിലെടുത്തിട്ടുണ്ട്. ശ്രേയ ഘോഷാലിന്റെ യുവപ്രതിഭ ചലഞ്ചിലും ഗായത്രി വിജയിയായിരുന്നു.
ആറാം വയസുമുതല്‍ കര്‍ണാടക സംഗീതം പഠിക്കുന്ന ഗായത്രി ഐഐടി ഭുവനേശ്വറില്‍ എംടെക് വിദ്യാര്‍ഥിനിയാണ്. തിരികെ സിനിമക്ക് വോയ്സ് ഓവര്‍ പാടിയിട്ടുണ്ട്.
കൂടാതെ, സംസ്ഥാനതലത്തിലും ദേശീയതലത്തിലും യൂണിവേഴ്സിറ്റി തലത്തിലും നടന്ന നിരവധി സംഗീത മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ച ഗായത്രി കൊച്ചിന് യൂണിവേഴ്സിറ്റി സര്‍ഗപ്രതിഭയായി ആദരിക്കപ്പെട്ടിട്ടുണ്ട്.