കോട്ടയം: ബിവറേജിൽ ക്യൂ നിന്ന് മുഷിയേണ്ട ! വരുന്നു ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനം. ഓണത്തോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി പണമടച്ച് ബിവറേജസിലെത്തി മദ്യം വാങ്ങാൻ വഴിയൊരുങ്ങുന്നു.
ബെവ്കോയുടെ സൈറ്റിൽ നിന്നും പണമടച്ച് രസീത് വാങ്ങാം. എല്ലാ ചില്ലറ വിൽപ്പനശാലകളിലും ഓണ്‍ലൈൻ പേയ്മെന്റ് നടത്തിയവർക്ക് മദ്യം നൽകാൻ പ്രത്യേക കൗണ്ടർ. ആദ്യ ഘട്ടം തിരുവനന്തപുരത്തെ ഒന്‍പത് ഒൗട്ട്ലെറ്റുകളിൽ. വിജയിച്ചാൽ ഓണം മുതൽ പദ്ധതി സംസ്ഥാന വ്യാപകമാക്കും.
കോവിഡ് കാലത്ത് ഒൗട്ട്ലെറ്റിനു മുന്നിൽ തിക്കും തിരക്കും വലിയ ക്യൂവും ഹൈക്കോടതി വിമർശനവുമൊക്കെയായി വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പദ്ധതിയുടെ പരീക്ഷണം അടുത്തയാഴ്ചയോടെ തിരുവനന്തപുരത്തെ ഒന്‍പതു ഒൗട്ട്ലെറ്റുകളിൽ ആരംഭിക്കും.
പരീക്ഷണം വിജയിച്ചാൽ ഓണത്തോടെ ഓണ്‍ലൈൻ സംവീധാനം വിപുലമാക്കും.എല്ലാ ചില്ലറ വിൽപ്പന ശാലകളിലും ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഒൗട്ട്ലെറ്റിലെ തിരക്ക് കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് ബെവ്കോയുടെ വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് ബെവ്കോ വെബ്സൈറ്റിൽ കയറി ഇഷ്ട ബ്രാൻഡ് തെരഞ്ഞെടുക്കാം.
ഓരോ വിൽപ്പനശാലയിലെയും സ്റ്റോക്ക്, മദ്യവില എന്നിവയും വെബ്സൈറ്റിൽ ഉണ്ടാകും. വെബ്സൈറ്റിൽ നിന്നും മദ്യം തെരഞ്ഞെടുത്ത് കഴിഞ്ഞാൽ തുകയടയ്ക്കാം.
നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, പേയ്മെന്റ് ആപ്പ് എന്നിവയുപയോഗിച്ച് തുക അടയ്ക്കാം. പണമടച്ചതിന്റെ രേഖ മൊബൈലിൽ എസ്എംഎസ് ആയി ലഭിക്കും. ഉപഭോക്താവിന് ഈ രേഖയുമായി ഒൗട്ട്ലെറ്റിലെത്തി മദ്യം വാങ്ങി മടങ്ങാം.
എല്ലാ ബെവ്കോ ഒൗട്ട്ലെറ്റിലും ഇത്തരത്തിൽ ഓണ്‍ലെൻ പേയ്മെന്റ് നടത്തിയവർക്കായി പ്രത്യേക കൗണ്ടർ തുറക്കും. ഈ കൗണ്ടറിൽ പണമടച്ച രേഖയും എസ്എംഎസും കാണിച്ചാൽ മദ്യം വാങ്ങി മടങ്ങാം.
മുൻകൂട്ടി പണമടച്ച് ആളെത്തിയാൽ തിരക്ക് പകുതിയായി കുറയുമെന്നണ് ബെവ്കോയുടെ വിലയിരുത്തൽ. അതേസമയം പഴയപടിയുള്ള കൗണ്ടറുകളും തുടരും.