തൃശൂർ: പീഡനത്തിനിരയായ പെണ്‍കുട്ടികൾ വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. നീതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
2017ലാണ് കേസിന് ആസ്പദമായ സംഭവം. 13 വയസുള്ള പെണ്‍കുട്ടിയെ ജനുവരി 13നും, ഒന്‍പതുവയസുകാരിയായ സഹോദരിയെ മാർച്ച് നാലിനുമാണ് ഓടിട്ട വീടിന്റെ മേൽക്കൂരയ്ക്കു താഴെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇപ്പോൾ സിബിഐ നടത്തുന്ന അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കുട്ടികളുടെ അമ്മ രംഗത്തുവന്നിരുന്നു.
അതിനിടെ കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള രണ്ടു പ്രതികളുടെ അപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി വാളയാർ കല്ലങ്കാട് സ്വദേശി വലിയ മധുവെന്ന വി. മധു, രണ്ടാം പ്രതി ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരുടെ അപേക്ഷയാണ് പാലക്കാട് പോക്സോ കോടതി തള്ളിയത്.
പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കുമെന്നും കുട്ടികളുടെ അമ്മയെയും സാക്ഷികളെയും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് നടപടി.