കഴിഞ്ഞമാസം അവസാനം ചൈനയിലെ സിച്ചുവാൻ എയർലൈൻസ് ബീജിങ്ങിലേക്ക് ഒരു വിമാനം പറത്തിയത് പുതിയൊരു വിമാനത്താവളത്തിൽനിന്നാണ്.
ഇന്ത്യൻ സമയം രാവിലെ 11.10ന് പറന്നുയർന്ന ആ ഫ്ളൈറ്റ് ചെങ്ദു ടിയാൻഫു ഇന്റർനാഷണൽ എയർപോർട്ടിൽനിന്നുള്ള ആദ്യത്തേതായിരുന്നു. എട്ടു ബില്യണ്‍ യുവാൻ (നമ്മുടെ കണക്കിൽ ഏകദേശം 9500 കോടി രൂപ) ചെലവിട്ട് അവർ ഒരു വിമാനത്താവളം ഉണ്ടാക്കി എന്നതല്ല അതിശയം.
അതുണ്ടാക്കിയ കാലം ഏത് എന്നോർക്കുന്പോഴാണ്! കോവിഡ് എന്നത് കേട്ടുമറന്ന എന്തോ കാര്യമല്ലേ ചൈനക്കാർക്ക് എന്നു ന്യായമായും സംശയിക്കാം.
മെഗാ എയർപോർട്ട്
സിച്ചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ദു ഇപ്പോൾ ചൈനയിലെ വൻ നഗരങ്ങളായ ഷാങ്ഹായ്, ബീജിങ് എന്നിവയ്ക്കൊപ്പമാണ്- കാരണം, ഇവിടങ്ങളിൽമാത്രമേ രണ്ടുവീതം അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളൂ.
ചെങ്ദുവിൽ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന വിമാനത്താവളത്തിന് പ്രതിവർഷം 12 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഇതു മാറുമെന്നു ചുരുക്കം.
ഇപ്പോൾ പൂർത്തിയാക്കിയ ആദ്യ ഘട്ടത്തിന് കൊല്ലംതോറും ആറുകോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും.
ചൈനയ്ക്ക് ഇതു പുത്തരിയല്ല
തെക്കൻ ചൈനയിലെ ഗുവാൻഷോ നഗരത്തിലുള്ള ബൈയുൻ ഇന്റർനാഷണൽ എയർപോർട്ടാണ് നിലവിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം.
അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സണ് എയർപോർട്ടിൽനിന്നാണ് 2020ൽ ഈ പദവി ചൈന തട്ടിയെടുത്തത്. കോവിഡ് കാലമായതിനാൽ കഴിഞ്ഞവർഷം പൊതുവേ അന്താരാഷ്ട്ര തലത്തിൽ യാത്രക്കാർ കുറവായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ രാജ്യാന്തര യാത്രികർക്ക് ചൈനയിൽ വിലക്കുണ്ട്. അതേസമയം ചൈനയിലെ ഡൊമസ്റ്റിക് ഏവിയേഷൻ ട്രാഫിക് ഇക്കഴിഞ്ഞ ഏപ്രിലിലെ കണക്കുകൾ പ്രകാരം 2019നെ അപേക്ഷിച്ച് 6.8 ശതമാനം വർധിച്ചു.
വികസനവും യാത്രാ ആവശ്യങ്ങളും മുൻനിർത്തി നോക്കുന്പോൾ പുതിയ മെഗാ- എയർപോർട്ട് അനിവാര്യമായിരുന്നുവെന്ന് ഏവിയേഷൻ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
ചൈനയുടെ ആഭ്യന്തര വിപണി കോവിഡിൽനിന്ന് കരകയറിയെന്നു മാത്രമല്ല, അതിവേഗം വളരുകയുമാണ്. ചെങ്ദു നഗരത്തിന്റെ വലിപ്പവും സ്ഥാനവും വച്ചു നോക്കുന്പോൾ ഈ എർപോർട്ട് ചൈനയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും അവർ പറയുന്നു.
അതിനൂതനം, സുരക്ഷിതം
ചെങ്ദു ടിയാൻഫിൻ എയർപോർട്ട് ഫ്രഞ്ച് ആർക്കിടെക്ചറൽ സ്ഥാപനത്തിന്റെ സഹകരണത്തോടെ ചൈനീസ് ഡിസൈൻ വിദഗ്ധരും അധികൃതരും ചേർന്ന ഒരു കണ്‍സോർഷ്യമാണ് യാഥാർഥ്യമാക്കിയത്.
അഞ്ചുവർഷമെടുത്തു ആദ്യഘട്ടം പൂർത്തിയാകാൻ. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും ഇവിടെ യാത്രക്കാരെ കാത്തിരിക്കുന്നു.
ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം, സ്വയം ചെക്ക്-ഇൻ ചെയ്യാവുന്ന കിയോസ്കുകൾ, സെൽഫ്-ബോർഡിംഗ് ഗേറ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്ന റോബോട്ടുകൾ, സ്മാർട്ട് സെക്യൂരിറ്റി സിസ്റ്റങ്ങൾ എന്നിവ അവയിൽപ്പെടും.
2035ഓടെ രാജ്യത്ത് 400 വിമാനത്താവളങ്ങൾ സജ്ജമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇപ്പോൾ അവയുടെ എണ്ണം 241 മാത്രമാണെന്ന് അറിയുന്പോൾ എത്രമാത്രം വ്യാപ്തിയുള്ള വികസനമാണ് അവർ ഉന്നംവയ്ക്കുന്നതെന്നു വ്യക്തമാകും.
97 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള വന്പൻ ടെർമിനലുമായി 2019ൽ ഡാക്സിങ് ഇന്റർനാഷണൽ എയർപോർട്ട് തുറന്നിരുന്നു.
തയാറാക്കിയത്: ഹരിപ്രസാദ്