കൊയിലാണ്ടി / കോഴിക്കോട്: സ്വര്ണക്കവര്ച്ചാശ്രമവും തട്ടികൊണ്ടുപോകലുമെല്ലാം കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെ കൊയിലാണ്ടിയില്‍ അജ്ഞാത സംഘം പ്രവാസിയെ തട്ടികൊണ്ടുപോയി.
കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ സ്വദേശി അഷ്റഫിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം.
വീട്ടിലെത്തിയ സംഘം ആദ്യം അഷ്റഫിന്റെസഹോദരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീടാണ് അഷറഫിനെ കണ്ടത് . തുടര്‍ന്ന് ഇന്നോവകാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
സഹോദരന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു. അഷറഫ് ഒരു മാസം മുമ്പാണ് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയാറാണെന്ന സംശയത്തിലാണ് പോലീസ്.
സൗദിയില്‍ നിന്ന് നാട്ടിലെത്തിച്ച സ്വര്‍ണം അഷ്റഫ് ഉടമസ്ഥര്‍ക്ക് നല്‍കിയില്ല. മറ്റൊരു ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു അഷ്റഫ് പറഞ്ഞത്.
എന്നാല്‍ ഇക്കാര്യം ഉടമസ്ഥര്‍ വിശ്വസിച്ചില്ല. സ്വര്‍ണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും അഷ്റഫുമായി നടത്തിയതായാണ് പറയുന്നത്. എന്നിട്ടും സ്വര്‍ണം തിരികെ നല്‍കിയില്ല.
തുടര്‍ന്നാണ് ഇന്ന് തട്ടികൊണ്ടുപോയത്. സംഭവത്തില്‍ ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. കൊയിലാണ്ടി ഇന്‍സ്പക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ദേശീയപാതയിലെ സിസിടിവി കാമറകളും മറ്റും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. അതേസമയം കൊടുവള്ളി സംഘത്തിന്റെതാണ് സ്വര്‍ണമെന്നും സൂചനകളുണ്ട്.
കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.