കോട്ടയം: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി സംഘടനയും മുഖ്യമന്ത്രിയുമായി നേർക്കു നേർ പോരാട്ടം. സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിനു കാത്തു നിൽക്കില്ലെന്നും നാളെ മുതൽ എല്ലാ ദിവസങ്ങളിലും കടകൾ തുറക്കുമെന്നുമുള്ള കർശന നിലപാടിലാണ് വ്യാപാരി വ്യവസായ ഏകോപന സമിതി.
വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യാപാരി സംഘടന ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാപാരികളോട് വിരട്ടൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടി ഇന്നു പ്രഖ്യാപിച്ചതോടെ കടതുറക്കൽ വലിയ വിവാദമായിരിക്കുകയാണ്.
കടകൾ തുറക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ സാഹചര്യം അനുവദിക്കുന്നില്ലെന്നും വ്യാപാരികളുടെ വികാരം മനസിലാക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീൻ മുഖ്യമന്ത്രിയെ തിരുത്തി. വ്യാപാരികളുടെ ആവശ്യം ന്യായമാണെങ്കിൽ അംഗീകരിക്കണമെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്കു മറുപടി നൽകിയത്. കമ്മ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോ എന്നും നസറുദ്ദീൻ മുഖ്യമന്ത്രിയോട് ചോദിച്ചു.
ഇതിനിടയിൽ ലോക്ഡൗണ് മൂലം ജീവിതോപാധി നഷ്്ടപ്പെട്ടവർക്ക് നഷ്്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വ്യാപാരികൾ തയാറെടുക്കുകയാണ്. കോവിഡ് ബാധിച്ചു മരിച്ചവർക്ക് ദേശീയ ദുരന്തനിവാരണ നിയമ പ്രകാരം നഷ്്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതേ നിയമത്തിൽ ജീവിതോപാധി പുനസ്ഥാപിക്കാൻ ധനസഹായം നൽകണമെന്നും വ്യവസ്ഥയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ നിയമ പ്രകാരം നഷ്്ടപരിഹാരം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.