സ്വന്തം ലേഖകൻ
തലശേരി: തലശേരിയിൽ നിന്നും പഴനിയിലെത്തിയ യുവതിയെ റോഡരികിൽ നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം പീഡിപ്പിച്ച കേസിൽ ദുരൂഹതയേറുന്നു. സംഭവം കെട്ടുകഥയോ, ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നീക്കമോ ആണെന്ന നിഗമനത്തിലാണ് പോലീസ്.
ഈ കേസിലെ നിർണായകമായ മൊഴികൾ തിങ്കളാഴ്ച രാഷ്ട്രദീപിക പുറത്തു വിട്ടിരുന്നു. മൊഴികളിൽ ഉടനീളമുള്ള വൈരുധ്യങ്ങളും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.വിവാഹിതരായ നാല് പെൺമക്കളുടെ മാതാവായ യുവതിയും മുപ്പത്തിയെട്ടുകാരനായ യുവാവും വിവാഹിതരല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആദ്യ ഭർത്താവ് പാലക്കാട് സ്വദേശി മരണപ്പെട്ട ശേഷമാണ് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. തങ്ങൾ ബന്ധുക്കളാണെന്നു പോലീസിനു നൽകിയ ഒരു മൊഴിയിൽ ഇവർ പറയുന്നുണ്ട്. എന്നാൽ, മറ്റൊരു മൊഴിയിൽ ഞങ്ങൾ രണ്ട് ജാതിയിൽ പെട്ടവരാണെന്നും പറയുന്നു.
പിഴച്ച മൊഴി
സംഭവത്തിനു ശേഷം പതിനേഴു ദിവസം കഴിഞ്ഞു യുവാവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഒരുങ്ങിയപ്പോഴാണ് മൂന്നു പേർ ചേർന്നു പീഡിപ്പിച്ച വിവരം യുവതി യുവാവിനോടു പറഞ്ഞതന്നും പീഡനത്തിനു ശേഷം അക്രമികൾ തളർന്നുറങ്ങിയപ്പോഴാണ് യുവതി രക്ഷപ്പെട്ടതെന്നുമാണ് മൊഴിയിലുള്ളത്.
ഭർത്താവ് ഉദുമൽ പേട്ട റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് തന്റെ മനസ് പറഞ്ഞതു കൊണ്ടാണ് പീഡനത്തിനു ശേഷം താൻ പഴനിയിൽനിന്ന് ഉദുമൽ പേട്ടയിലെത്തിയതെന്നും മൊഴിയിലുണ്ട്. രണ്ട് പേരും ഉദുമൽപേട്ട സ്റ്റേഷനിൽ കണ്ടു മുട്ടിയ കഥ സിനിമ കഥയെ വെല്ലുന്നതാണെന്നു പോലീസ് പറയുന്നു.
കേരള – തമിഴ്നാട് ഡിജിപി മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഊർജിതമായ അന്വഷണം നടക്കുന്ന ഈ കേസിൽ ഇതുവരെ ലഭിച്ചിട്ടുള്ള മൊഴികളും തെളിവുകളും ദുരൂഹത വർധിപ്പിക്കുന്നതായി ഇരു സംസ്ഥാനത്തേയും പോലീസ് വൃത്തങ്ങൾ പറയുന്നു.
എന്നാൽ അന്വഷണത്തിന്റെ പൂർണ വിവരങ്ങൾ പങ്കു വയ്ക്കാൻ ഇരു സംസ്ഥാനത്തേയും പോലീസ് ഉദ്യോഗസ്ഥർ മടിക്കുന്നുമുണ്ട്. സംഭവത്തിനു പിന്നിൽ കെട്ടുകഥയോ ആസൂത്രിതമായ ചില നീക്കങ്ങളോ നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
സംഭവങ്ങൾക്ക് പിന്നിൽ മറ്റ് രണ്ട് പേരുടെ സാന്നിധ്യവും സംശയിക്കപ്പെടുന്നുണ്ട്. യുവതിയുടെ രഹസ്യ ഭാഗങ്ങളിൽ അക്രമികൾ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു എന്നതു സാങ്കൽപ്പിക കഥയാണെന്നും പീഡനത്തിൽ യുവതിക്ക് ഗുരുതരമായ പരിക്കുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു. യുവതിയുടെ ഭർത്താവിനേക്കുറിച്ചും ഇരു സംസ്ഥാനങ്ങളിലേയും പോലീസ് അന്വഷണം നടത്തി വരികയാണ്.
ആദ്യം അഭിഭാഷകനരികിൽ
പാനൂർ സ്വദേശിയായ അഭിഭാഷകനെയാണ് യുവതി പരാതിയുമായി ആദ്യം സമീപിച്ചത്. തുടർന്ന് ലീഗൽ സർവീസ് വഴി പോലീസിൽ പരാതി എത്തുകയായിരുന്നു.പഴനി പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്നത് സംബന്ധിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് ഡിഐജി വിജയകുമാരിയും വ്യക്തമാക്കിയിരുന്നു.
പഴനി പാർക്ക് റോഡിലെ ലോഡ്ജിൽ ദമ്പതികൾ മുറിയെടുത്തു. മദ്യപിച്ചു ലക്ക് കെട്ട് തമ്മിൽ തല്ലുണ്ടാക്കി. തുടർന്നു ലോഡ്ജിൽനിന്ന് ഇരുവരെയും ഇറക്കി വിട്ടതായും പഴനി പോലീസ് പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളെ പഴനി പോലീസ് മർദിച്ചതായും ആരോപണം ഉയർന്നിരുന്നിട്ടുണ്ട് .
പഴനി പോലീസ് മർദിച്ചതായുള്ള യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ അസംതൃപ്തരായ പഴനി പോലീസ് ഡിണ്ടിഗല്ലിലുള്ള യുവാവിന്റെ സഹോദരിയെയും ഭർത്താവിനെയും മർദിച്ചതായാണ് ആരോപണം .ഇന്നലെ തലശേരിയിലെത്തിയ തമിഴ്നാട് പോലീസ് കേസിൽ തെളിവെടുപ്പ് നടത്തി.
പഴനി അഡീഷണൽ എസ്പി സി. ചന്ദ്രൻ ,സിഐ. പി.കവിത, തമിഴ്നാട് സ്പെഷൽ പോലിസ് എസ്ഐ കെ.വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനിത പോലീസ് അടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ തലശേരിയിലെത്തിയത്.
തലശേരി എസിപി മുസ വള്ളിക്കാട്, സിഐ സനൽകുമാർ എന്നിവരുമായി സംഘം കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടയിൽ ഇതു സംബന്ധിച്ച് തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വഷണം പൂർത്തിയാക്കി. ഫയൽ ജില്ലാ പോലീസ് ചീഫിന് കൈമാറി.
ദമ്പതികളുടെ മൊഴിയുൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് ജില്ലാ പോലീസ് ചീഫിന കൈമാറിയിട്ടുള്ളത്. യുവതിയുടെ 164 പ്രകാരമുള്ള മൊഴി മജിസ്ട്രറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. തലശേരി കേസ് സംബന്ധിച്ച ഫയൽ ഡിജിപി വഴി തമിഴ്നാട് പോലീസിനു കൈമാറും.