കോട്ടയം: ഗുണ്ടാ സംഘങ്ങളും ലഹരി മാഫിയാ സംഘങ്ങളും വിഹരിക്കുന്നതു ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസിനു തലവേദനയാകുന്നു. അടുത്ത കാലത്തായി നിരവധി ഗുണ്ടാ സംഘങ്ങളാണ് ഇവിടങ്ങൾ കേന്ദ്രീകരിച്ചു തലപൊക്കിയിരിക്കുന്നത്.
ഗുണ്ടാ സംഘത്തിൽപ്പെട്ടവർ തന്നെയാണ് പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പനയും നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലഹരി മാഫിയ സംഘം പിതാവിനെയും രണ്ടു മക്കളെയും മർദിച്ചു പരിക്കേൽപ്പിച്ചിരുന്നു. പുന്നത്തുറ കവല – സിഎസ്ഐ മല റോഡിൽ വച്ചാണ് സംഭവമുണ്ടായത്.
നാട്ടുകാർക്കും പേടി
പുന്നത്തുറ കവല – സിഎസ്ഐ മല റോഡിൽ സെമിത്തേരി ഭാഗത്ത് തന്പടിച്ചിരിക്കുന്ന ഗുണ്ടാ സംഘം സമീപവാസികളുടെ പേടി സ്വപ്നമാണ്.
കഞ്ചാവ് വിൽപ്പനയും വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമാണ് ഇവരുടെ രീതിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അപരിചിതരായ ആളുകൾ എത്തുന്പോൾ ഇവരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് ലഹരി മാഫിയാ സംഘത്തിന്റെ പതിവ് രീതി.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മർദനമേറ്റവരുടെ വീട്ടിലേക്ക് കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു പേർ എത്തിയപ്പോൾ സംഘം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു.
കാപ്പ ചുമത്തി നാട് കടത്തിയിരുന്നയാളുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം വെട്ടിമുകളിൽ ഹോട്ടലും വീടും അടിച്ചു തകർത്ത കേസിലെ പ്രതികൾ ഉൾപ്പടെയുള്ളവരും അക്രമി സംഘത്തിലുണ്ടായിരുന്നതായും സൂചനയുണ്ട്.
കോട്ടയം നഗരമുൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഗുണ്ടാ ലഹരി മാഫിയാ സംഘങ്ങൾ ഇപ്പോൾ ആർപ്പൂക്കര, ഗാന്ധിനഗർ, ഏറ്റുമാനൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഈ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അക്രമങ്ങളും പോലീസിനു തലവേദനയായിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളും പരിഭ്രാന്തരാണ്. ഒരു സംഘത്തെ പിടികൂടുന്പോൾ പ്രശ്നം പരിഹരിച്ചെന്നു കരുതുന്പോഴായിരിക്കും അടുത്ത സംഘം തലപൊക്കുന്നത്.
പോലീസ് കൂടുതൽ ശ്രദ്ധിക്കണം
സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയ ശേഷം ഏറ്റുമുട്ടുന്ന രീതിയാണ് ഗാന്ധിനഗറിൽ ഗുണ്ടാ സംഘങ്ങൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം ഗുണ്ടാ സംഘം നടത്തിയ വെല്ലുവിളിക്കൊടുവിൽ ഗാന്ധിനഗറിൽ കഞ്ചാവ് കച്ചവടക്കാരനായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇതിന്റെ പ്രതികാരമായി മറ്റൊരു യുവാവിന്റെ വീട് കയറി ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഈ രണ്ടു കേസിലും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഗുണ്ടാ സംഘങ്ങൾ വെല്ലുവിളിയും അക്രമവുമായി ഇപ്പോഴും തുടരുകയാണ്. ഇതേ ഗുണ്ടാ സംഘാംഗങ്ങൾ തമ്മിൽ ആർപ്പൂക്കര വില്ലൂന്നിയിൽ വച്ചും ഏറ്റുമുട്ടിയിരുന്നു.
ഈ സംഘത്തിലെ ഒരാളെ ആക്രമിച്ചതിന്റെ പ്രതികാരമായി കഴിഞ്ഞ ദിവസം വീട് കയറി ആക്രമണവുമുണ്ടായി. പെട്രോൾ ബോംബുമായി എത്തിയാണ് ഗുണ്ടാ സംഘം ഇവിടെ ആക്രമണം അഴിച്ചു വിട്ടത്.
ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ മേഖലയിലുള്ള ജനങ്ങളുടെയും ഉറക്കം കെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉണർന്നു പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.