വൈക്കം: വൈക്കത്തുനിന്ന് കുമരകം വഴി കോട്ടയത്തേക്ക് കൂടുതൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
സർക്കാർ – അർധ സർക്കാർ ജീവനക്കാരുൾപ്പെടെ നിരവധി യാത്രക്കാരാണ് രാവിലെ ഇതു വഴി കോട്ടയത്തേക്കു കടന്നു പോകുന്നത്.
രാവിലെ 8.40ന് വൈക്കത്തുനിന്നും കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നിർത്തലാക്കിയതോടെയാണ് യാത്രാ ക്ലേശം രൂക്ഷമായത്.
ഇപ്പോൾ ഇതുവഴി രാവിലെ യാത്ര ചെയ്യുന്നവർക്ക് രാവിലെ 8.30നു വൈക്കത്തുനിന്നും കോട്ടയം കളക്ടറേറ്റിലേക്കു പോകുന്ന ബസാണ് ഏക ആശ്രയം.
ഈ ബസിൽ തിക്കിത്തിരക്കിയാണ് യാത്രക്കാർ കയറിയിറങ്ങുന്നത്. തിരക്കുമൂലം പലർക്കും ബസിൽ കയറിപ്പറ്റാൻ സാധിക്കാറില്ല.
കോവിഡ് നിയന്ത്രണം മൂലം കൂടുതൽ യാത്രക്കാർ കയറുന്നത് ഒഴിവാക്കാൻ പല പ്രധാനപ്പെട്ട സ്റ്റോപ്പുകളിലും ബസ് നിർത്താത്തതും യാത്രക്കാരെ വലയ്ക്കുന്നു.
വൈകുന്നേരവും ബസില്ലാത്തതിനാൽ യാത്രക്കാർക്കുണ്ടാകുന്ന സമയനഷ്്ടവും സാന്പത്തിക നഷ്്ടവും ഏറെ വലുതാണ്.
ആവശ്യത്തിന് ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് യാത്രക്കാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കാര്യക്ഷമമായി സർവീസ് നടത്തുന്നില്ലെന്ന് പരാതിയുണ്ട്.
ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നും ധാരളം ബസുകൾ കോട്ടയം ഭാഗത്തേക്ക് സർവീസ് നടത്തുന്നുണ്ട്. വൈക്കം ഭാഗത്തേക്ക് വൈകുന്നേര സമയങ്ങളിൽ വരുന്നവർ ബണ്ടു റോഡിൽ ഇറങ്ങി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയുമുണ്ട്.