മങ്കൊമ്പ് : പള്ളാത്തുരുത്തിയിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പ്രബീഷുമായി ബന്ധപ്പെട്ടു ദുരൂഹതകൾ ഏറുന്നു. കൊല്ലപ്പെട്ട അനിതയും, കൂട്ടുപ്രതിയായ രജനിയും ഇയാളുടെ കാമുകിമാരായിരുന്നു.
മൂവരും കൊലനടന്ന ദിവസം രജനിയുടെ വീട്ടിൽ ഒന്നിച്ചു താമസിച്ചിരുന്നുവെന്നത് പോലീസിനെയും നാട്ടുകാരെയും അദ്ഭുതപ്പെടുത്തുന്നു.
ഫോൺരേഖകൾ പറയുന്നത്
പ്രബീഷിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇയാൾക്കു 15 ഓളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി വ്യക്തമായെന്നു പോലീസ് പറയുന്നു.
എന്നാൽ ഇത്തരം ബന്ധങ്ങൾ നിലവിൽ നിയമവിരുദ്ധമല്ലാത്തത് കൂടുതൽ അന്വേഷണങ്ങൾ നിരുൽസാഹപ്പെടുത്തുന്നു. എന്നാൽ, ഏതെങ്കിലും സ്ത്രീകളിൽ നിന്നു പരാതികൾ ഉയർന്നാൽ ഇതു അന്വേഷിക്കേണ്ടതായി വരും.
ക്രിമിനൽ പശ്ചാത്തലമുണ്ടോ?
എന്നാൽ, പ്രബീഷിന് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് നാട്ടുകാർ സംശയിക്കുന്നു. കൈനകരിയിൽ താമസത്തിനെത്തിയപ്പോൾ മുതലുള്ള ഇയാളുടെ പെരുമാറ്റവും, ഇടപെടലുകളുമാണ് നാട്ടുകാരുടെ സംശയത്തിനു അടിവരയിടുന്നത്.
മൂന്നു വർഷത്തോളമായാണ് രജനിക്കൊപ്പം കൈനകരിയിലെ താമസത്തിനെത്തിയെങ്കിലും കൂടുതൽ സമയത്തും ഇയാൾ ഇവിടെ നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. താൻ ഡ്രെവറാണെന്നാണ് ഇയാൾ സമീപവാസികളോടു പറഞ്ഞിരുന്നത്.
രജനിയുടെ കുടുംബവുമായി സമീപത്തു താമസിക്കുന്ന ബന്ധുക്കൾക്കു പോലും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ നാട്ടിലെ കുറെ ചെറുപ്പക്കാരുമായി പ്രബീഷ് സൗഹൃദം സ്ഥാപിച്ചിരുന്നു.
വള്ളവും തോക്കും
മൃതദേഹം ആറ്റിൽ ഉപേക്ഷിക്കുന്നതിനായി രജനിയുടെ ബന്ധുവിന്റെ വള്ളമാണ് ഇരുവരും ഉപയോഗിച്ചത്. അർദ്ധരാത്രിക്കു ശേഷം ഉടമയുടെ അനുവാദമില്ലാതെയാണ് വള്ളം കൊണ്ടുപോയത്.
പിന്നീട് മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മുങ്ങിയ വള്ളം അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉടമ നടത്തിയ അന്വേഷണത്തിലാണ് വള്ളം തിരികെ കിട്ടിയതെങ്കിലും വള്ളം ഒഴുകിപ്പോയതാകമെന്നാണ് കരുതിയിരുന്നത്. എന്നാൽ പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ വിവരിച്ചപ്പോഴാണ് ഇദ്ദഹം വിവരമറിയുന്നത്.
കാര്യങ്ങളറിഞ്ഞപ്പോഴുണ്ടായ ഞെട്ടലിൽ നിന്നും ഇദ്ദേഹം ഇനിയും മോചിതനായിട്ടില്ല. രണ്ടു വർഷങ്ങൾക്കു മുൻപുണ്ടായ വാക്കു തർക്കത്തെത്തുടർന്ന പ്രബീഷ് തന്നെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായി ഇദ്ദേഹം പറയുന്നു.
തെളിവെടുപ്പിനായി വീട്ടിലെത്തിയ പോലീസ് ഈ തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ദീർഘദൂര പ്രഹരശേഷിയില്ലെങ്കിലും അപകടകാരിയായതാണ് തോക്കെന്നാണ് പോലീസ് പറഞ്ഞത്.
പ്രതികൾ റിമാൻഡിൽ
കൈനകരിയിൽ വന്ന കാലം മുതൽ താൻ പാലക്കാടു സ്വദേശിയാണെന്നാണ് പ്രബീഷ് നാട്ടുകാരോടു പറഞ്ഞിരുന്നത്. പോലീസിൽ നിന്നാണ് ഇയാൾ നിലമ്പൂർ സ്വദേശിയാണെന്നു നാട്ടുകാർ മനസിലാക്കുന്നത്.
ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ ഇയാൾക്കു ക്രിമിനൽ പശ്ചാത്തലം ഉള്ളതായിട്ടാണ് നാട്ടുകാരുടെ സംശയം. പ്രതികൾ റിമാൻഡിലായെങ്കിലും കേസന്വേഷണം തുടരുകയാണെന്നാണ് നെടുമുടി സി.ഐ പറയുന്നത്. എന്നാൽ കേസ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും പോലീസ്..