കെ. ഷിന്റുലാല്‍
കോഴിക്കോട് : വിദേശത്തുനിന്നു നികുതി വെട്ടിച്ചും മറ്റും എത്തിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടാല്‍ അന്വേഷിക്കാന്‍ കള്ളക്കടത്തുകാര്‍ക്ക് “ഇന്റലിജന്‍സ് ഏജന്‍സി’ !.
കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു സമാനമായ രീതിയിലാണ് ഗ്യാഗ്സ്റ്റേഴ്സിന്റെ ഇന്റലിജന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ താമരശേരി, കൊടുവള്ളി, മലപ്പുറം ജില്ലയിലെ വേങ്ങര എന്നിവിടങ്ങളിലെല്ലാം സജീവമായുള്ള സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള “ഇന്റലിജന്‍സ് ഏജന്‍സി’ യും സ്വന്തമായുണ്ട്.
പോലീസും കസ്റ്റംസും ഡിആര്‍ഐയും പിടികൂടുന്നതിനും പതിന്മടങ്ങ് സ്വര്‍ണമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളത്തിലൂടെ എത്തുന്നത്.
നികുതി വെട്ടിച്ചു പല രൂപത്തിലായി കാരിയര്‍ വഴി എത്തിക്കുന്ന സ്വര്‍ണം അപഹരിക്കാനായും പ്രത്യേകം സംഘങ്ങള്‍ സജീവമാണ്.
കാരിയര്‍മാരാണ് പലപ്പോഴും സ്വര്‍ണം കൊണ്ടുവരുന്ന വിവരം മറ്റുള്ള കള്ളക്കടത്ത് സംഘത്തെ അറിയിക്കുന്നത്. ഇപ്രകാരം വിവരം കൈമാറിയാല്‍ വലിയ തുകയും കാരിയര്‍ക്കു ലഭിക്കും.
ഇതിനു പുറമേ കാരിയര്മാറും സ്വര്‍ണം തട്ടിയെടുക്കുന്നുണ്ട്. വിദേശത്തുനിന്നു സ്വര്‍ണവുമായി എത്തുന്ന വിവരം നാട്ടില്‍ സുഹൃത്തുക്കളെ അറിയിക്കുകയും കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തു സ്വര്‍ണം അപഹരിക്കുകയുമാണ് പതിവ്.
സ്വര്‍ണം എത്തിക്കുന്ന യഥാര്‍ഥ കള്ളക്കടത്ത് സംഘത്തിന് ഇത്തരത്തില്‍ കോടികളുടെ നഷ്ടമുണ്ടാവാറുണ്ട്. ഇത് നികത്തുന്നതിനായാണ് സ്വന്തമായ ഇന്റലിജന്‍സ് സംവിധാനമുണ്ടാക്കുന്നത്.
“ഇന്റലിജന്‍സ്’ ഓപ്പറേഷന്
കോഴിക്കോട്: വിദേശത്തുനിന്നു സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ ആക്രമണത്തിനു പലപ്പോഴും ഇരയാവുകയും സ്വര്‍ണം നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളൊഴികെ മറ്റെല്ലാ ആക്രമണങ്ങളും പലപ്പോഴും മുന്‍കൂട്ടി തയാറാക്കുന്ന തിരക്കഥക്കനുസരിച്ചായിരിക്കും.
സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമകള്‍ കാരിയറെ സമീപിച്ചാല്‍ ആക്രമിച്ച വിവരവും മറ്റും വിശദമായി അവതരിപ്പിക്കും. എന്നാല്‍, യഥാര്‍ഥ ആക്രമണമാണോ അല്ലെങ്കില്‍ നാടകമാണോയെന്നാണ് സ്വര്‍ണത്തിന്റെ ഉടമകളായ കള്ളക്കടത്ത് സംഘം പരിശോധിക്കുക.
ആദ്യഘട്ടത്തില്‍ സംഘാംഗങ്ങള്‍ നേരിട്ടു കാര്യങ്ങള്‍ ചോദിച്ചറിയും. പിന്നീട് കാരിയര്‍ പറയുന്നത് വിശ്വസിച്ചെന്ന മട്ടില്‍ തിരിച്ചുപോരും.എന്നാല്‍, കാരിയറെ നിരീക്ഷിക്കാനായി അന്നു തന്നെ കള്ളക്കടത്ത് സംഘം ദൗത്യസേനയെ വിന്യസിപ്പിക്കും.
സ്വര്‍ണത്തിന്റെ ഉടമകളായവരുടെ ഉറ്റബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും നിരീക്ഷണത്തിനായി രംഗത്തുണ്ടാവുക. കാരിയറുടെ വീടിനു ചുറ്റും എപ്പോഴും ഇവരുടെ ശ്രദ്ധയുണ്ടാവും. കാരിയറിന്റെ യാത്രകളും ജീവിതരീതിയിലെ വ്യത്യാസവുമെല്ലാം ഈ സംഘം നിരീക്ഷിക്കും. മാസങ്ങളും വര്‍ഷങ്ങളും വരെ നിരീക്ഷിക്കാറുണ്ട്.
എല്ലാ ദിവസവും പുറത്തുനിന്നുള്ള ആളുകളുടെ സാന്നിധ്യം ഒരു പ്രദേശത്തു കണ്ടാല്‍ സംശയിക്കുമെന്നതിനാല്‍ കാരിയറെ നിരീക്ഷിക്കാന്‍ സമീപത്തെ പെട്ടിക്കടക്കാര്‍ക്കും മത്സ്യവിതരണക്കാര്ക്കും വരെ സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ നല്‍കാറുണ്ട്.
ആഡംബരം പുറത്തായാല്‍ കിഡ്നാപ്പിംഗ്
കാരിയറുടെ സാധാരണ ജീവിത രീതിയില്‍ നിന്നും വ്യത്യസ്തമായി ആഡംബര ജീവിതം നയിക്കുകയാണെങ്കില്‍ സ്വര്‍ണം തട്ടിയെടുത്തതില്‍ പങ്കുണ്ടെന്നതിന്റെ തെളിവായാണ് കണക്കാക്കുന്നത്.
പുതിയ വാഹനം , ഭൂമി, ആഭരണങ്ങള്‍, പുതിയ വീട് എന്നിവ ഏതെങ്കിലും കാരിയര്‍ സ്വന്തമാക്കുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ ഈ വിവരം നിരീക്ഷിക്കുന്ന സംഘം കള്ളക്കടത്തുകാര്‍ക്ക് കൈമാറും.
ചിലപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ ശേഷമായിരിക്കും കാരിയറുടെ ജീവിതം മാറുന്നത്. എങ്കിലും വിവരം ലഭിച്ചാലുടന്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ ഉടമസ്ഥന് കാരിയറെ തേടിയെടുത്തും.
ലഭ്യമായ തെളിവുകളെല്ലാം വച്ച് ചോദ്യം ചെയ്യും. കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ വച്ചുവരെ ഭീഷണിയുടെ സ്വരത്തില്‍ സ്വര്‍ണം തിരിച്ചുവേണമെന്ന് ആവശ്യപ്പെടും.
ജനപ്രതിനിധികളെ വരെ ഉള്‍പ്പെടുത്തി മധ്യസ്ഥ ചര്‍ച്ചകളും നടത്തും. സ്വര്‍ണം നഷ്ടപ്പെട്ടുവെന്നു വീണ്ടും വാദിക്കുന്നവരെ തട്ടികൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും.
പരാതി നല്കിയാല് കൊന്നുകളയുമെന്ന് ബന്ധുക്കളേയും വീട്ടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്യും. രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലില്‍ പലര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല.
തുറന്നു പറച്ചിൽ
കടത്തിയ സ്വര്‍ണം തട്ടിയെടുത്തതാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം തുറന്നുപറയും. സ്വര്‍ണം തിരിച്ചുനല്‍കാമെന്നും വിറ്റുപോയ സ്വര്‍ണമാണെങ്കില്‍ പകരം നിശ്ചിത തുക നല്‍കാമെന്നും സമ്മതിച്ചാല്‍ വിട്ടയയ്ക്കും.
ഇപ്രകാരം വിട്ടയയ്ക്കുന്ന കാരിയര്‍മാര്‍ സ്വര്‍ണമോ പണമോ തിരിച്ചു നല്കാന് നിര്‍ബന്ധിതരാവും. തട്ടികൊണ്ടുപോയതിന് പരാതി പോലും ഇവര്‍ നല്കുകയുമില്ല.
രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട് കുന്നമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇക്കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസിലുമെല്ലാം സമാനമായ സംഭവങ്ങളാണുണ്ടായത്.
കുന്നമംഗലം കേസില്‍ സ്വര്‍ണം തട്ടിയെടുത്ത ക്വട്ടേഷന്‍ സംഘത്തെയായിരുന്നു കള്ളക്കടത്തുകാരുടെ ദൗതസേന നിരീക്ഷിച്ചത്.
തുടര്‍ന്ന് സംഘത്തിലുള്‍പ്പെട്ട യുവാവിനെ തട്ടികൊണ്ടുപോവുകയും മാസങ്ങളോളം പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് സ്വര്‍ണം തിരിച്ചുപിടിച്ചത്. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം പ്രവാസിയെ തട്ടികൊണ്ടുപോയതും ഇയാളെ നിരീക്ഷിച്ചതിലൂടെ ലഭിച്ച തെളിവുകളെ തുടര്‍ന്നാണ്.