കയ്യൂര്‍: കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് വീട് പൂര്‍ണമായും തകര്‍ന്നു. ഭരണങ്ങാനം പഞ്ചായത്ത് കയ്യൂര്‍ വാര്‍ഡില്‍ മാരിയ്ക്കല്‍ ദേവസ്യായുടെ വീടാണ് തകര്‍ന്നത്.
ബുധനാഴ്ച വൈകുന്നേരം വീടിന്റെ പിറകിലുള്ള മലയില്‍നിന്ന് അടര്‍ന്നുവീണ രണ്ടു വലിയ കല്ലുകളാണു വീട് തകര്‍ത്തത്.
ഈ സമയം മുറിക്കുള്ളില്‍ പഠിക്കുകയായിരുന്ന ദേവസ്യായുടെ മകള്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. നാല് അംഗങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഇനിയും വലിയ കല്ലുകള്‍ അടര്‍ന്നു വീഴാനുള്ള സാധ്യതയുണ്ടെന്നും ആറു വീടുകള്‍ കൂടി അപകട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സമീപത്തുള്ള പാറമടയില്‍ കല്ലു പൊട്ടിച്ചപ്പോഴുള്ള ഞടുക്കത്തിലാണു കല്ലുകള്‍ താഴേയ്ക്കു വീഴുന്നതെന്നും ഒന്നുകില്‍ തങ്ങളുടെ ഭൂമി കൂടി വില നല്കി ഏറ്റെടുക്കാന്‍ പാറമട ഉടമകള്‍ തയാറാകണമെന്നും വീട്ടുടമസ്ഥര്‍ പറയുന്നു.
വീട് തകര്‍ന്നവരെ മാറ്റിപ്പാര്‍പ്പിച്ചു നാശനഷ്ടം നല്‍കുകയും അപകടാവസ്ഥയില്‍ നില്ക്കുന്ന വീട്ടുകാരെ സംരക്ഷിക്കുന്നതിനുംവേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നു സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ റവന്യൂ ഉദ്യോഗസ്ഥരോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും സംഭവസ്ഥലം സന്ദര്‍ശിച്ചു.