തിരുവനന്തപുരം: പീഡനശ്രമം എതിർത്ത വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്നു കോടതി.
കടയ്ക്കാവൂർ സ്വദേശിയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനെയാണ് കുറ്റക്കാരനെന്നു കോടതി വിധിച്ചത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
2016 ഡിസംബർ ഒന്പതിനാണ് സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.
സംഭവ ദിവസം രാത്രി ഒന്പതിനു പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡനത്തിന് ശ്രമിച്ചപ്പോൾ ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.
തുടർന്ന് പ്രതി ശാരദയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
കടയ്ക്കാവൂർ പോലീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ ഹാജരായി.