കല്ലടിക്കോട്: നിർമ്മാണത്തിലെ അപാകത മൂലം അപകടങ്ങൾ നിത്യ സംഭവമായ പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ പനയന്പാടത്ത് ഇന്നലെ രാവിലെ വീണ്ടും വാഹനാപകടം. പനയന്പാടം വളവിലാണ് ഏറ്റവും പുതിയ അപകടം.
കാലത്ത് 9.30ഓടെ കോഴിക്കോടു നിന്നും പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ നിലന്പൂരിലേക്ക് പഴങ്ങൾ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിൽ രണ്ടുപേരും ബസിൽ മുപ്പതോളം പേരുമാണ് ഉണ്ടായിരുന്നത്.
ഇരു വാഹനത്തിലുമായി ആറുപേരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തച്ചന്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബഷീർ (40), സെമീന (52), നിഖിൽരാജ് (31), ആശ (34), ഗിരീഷ്കുമാർ (41), ശ്രീരാജ് (34), അഫ്സൽ (42), ബിന്ദു (45), മുഹമ്മദ് മുസ്താഖ് (40), മുഹമ്മദ് നാസിക് (21), അബ്ദുൽസലാം (42) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
പനയന്പാടം ഇറക്കത്തിൽ താഴെ പനയന്പാടത്തിനു സമീപമാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കറങ്ങിത്തിരിഞ്ഞ പിക്കപ്പ് വാനിന്റെ പുറകുവശം റോഡിന്റെ വശത്തേക്ക് നീങ്ങി. നല്ല മഴ ഉണ്ടായിരുന്നതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണം.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഇവിടെ ചെറുതും വലുതുമായി 56 അപകടങ്ങളാണ് ഉണ്ടായത്. അതിൽ നാലുപേർ മരിക്കുകയും ചെയ്തു. നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംപി വി.കെ ശ്രീകണ്ഠൻ അധികാരികൾക്ക് പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് റോഡിന്റെ വശങ്ങളിൽ അഴുക്കു ചാലുകൾ നിർമ്മിക്കുന്ന പണി നടക്കുന്നുണ്ട്. വളവും ഇറക്കവും കുത്തനെയുള്ള കയറ്റവും എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതുമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്. മഴയിയുള്ള സമയങ്ങളിൽ ബ്രേക്ക് ചെയ്യുന്നതോടെ വാഹനങ്ങൾ തെന്നി പോകുന്നത് ഇവിടത്തെ പ്രധാന പ്രശ്നമാണ്.
പരിശോധന നടത്തി
പനയന്പാടത്ത് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ വിഭാഗം എത്തി. എൻഫോഴ്സ്മെന്റ് ആർടിഒ വി.എ സഹദേവന്റെ നിർദേശത്തിൽ പാലക്കാട് ആർടിഒ എൻഫോഴ്സ്മെന്റ് എംവിഐ റെജി.പി.ജെ, എഎംവിഐമാരായ സജീവ്.പി.വി, സാബിർ.എൻ എന്നിവരാണ് പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസും, പിക്ക്അപ്പ് വാനും തമ്മിൽ കൂട്ടിയിച്ച സ്ഥലം പരിശോധിച്ചു.
റോഡിന്റെ അപാകതകൾ സംബന്ധിച്ചും അഴുക്കുചാൽ ഇല്ലാതെയുള്ള റോഡിന്റെ ഭാഗങ്ങളുമാണ് പ്രാഥമിക പരിശോധന നടത്തിയതെന്നും വിശദ പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നും പരിശോധന സംഘം അറിയിച്ചു.