എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ മകളെ 17 വര്‍ഷത്തിനു ശേഷം തിരികെക്കിട്ടി ! ആനന്ദാശ്രു പൊഴിച്ച് അമ്മ…

ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ മകളെ ഒരു സുപ്രഭാതത്തില്‍ തിരികെ ലഭിക്കുമ്പോള്‍ ഏതൊരമ്മയും സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടും.

പതിനേഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ മകളെ ഒരു നാള്‍ തിരികെ ലഭിച്ചാല്‍ ഉണ്ടാവുന്ന സന്തോഷം പിന്നെ പറഞ്ഞറിയിക്കാന്‍ പറ്റുമോ.ആറ് വയസുള്ളപ്പോള്‍ പെണ്‍കുഞ്ഞുമായി പിതാവ് നാടുവിട്ടതാണ്.

അവിചാരിതമായാണ് കുട്ടി കഴിഞ്ഞദിവസം വയനാട്ടില്‍ തിരികെയെത്തിയത്.

പനമരം അമ്മാനി കോളനിയിലെ ശാന്തയുടെ മൂന്നു മക്കളില്‍ ആറു വയസ്സുകാരി പ്രിയയെയും രണ്ടാമത്ത മകന്‍ അനിലിനെയും കൊണ്ട് 17 വര്‍ഷം മുന്‍പ് ഭര്‍ത്താവായ പി.കെ. സുരേഷ് നാടുവിട്ടതാണ്.

മക്കളുമായി ഭര്‍ത്താവ് എവിടേക്ക് പോയെന്നറിയാതെ ശാന്തയും മൂത്ത മകന്‍ സുനിലും വിഷമിച്ചു. മകളെ മലപ്പുറം വണ്ടൂരിലെ ബാലസദനത്തിലും മകനെ വഴിക്കടവിലുമാക്കി പിതാവ് സുരേഷ് മുങ്ങുകയായിരുന്നു.

അനില്‍ തിരികെയെത്തിയെങ്കിലും മകള്‍ പ്രിയയെ കണ്ടെത്താനായില്ല. മാനസികമായി തകര്‍ന്ന ശാന്ത മകള്‍ക്കായി കാത്തിരുന്നു. പിജി പഠനത്തിനായി അടുത്തിടെ പ്രിയ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറി.

ഇതിനിടെ യാദൃച്ഛികമായി വണ്ടൂര്‍ മുന്‍ പഞ്ചായത്തംഗവും ആശാവര്‍ക്കറുമായ വി. രജനിയെ കണ്ടുമുട്ടിയപ്പോള്‍ ജീവിതകഥ പറഞ്ഞു.

തുടര്‍ന്ന് ചില നല്ല മനുഷ്യരുടെ ശ്രമഫലമായി അന്വേഷണത്തിനൊടുവില്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ അമ്മയ്ക്കരികെയെത്തി.

ചൊവ്വാഴ്ച്ചയാണ് പ്രിയ വീട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടത്. പഠനം പൂര്‍ത്തിയാക്കി അമ്മയോടൊപ്പം താമസിക്കാനായി എത്തുമെന്നറിയിച്ചാണ് സംസ്‌കൃതം പിജിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ പ്രിയ വണ്ടൂരിലേക്ക് മടങ്ങിയത്.

Related posts

Leave a Comment