കോട്ടയം: പത്ത് വർഷത്തിനുശേഷം പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഓഫീസിൽ കേരള കോണ്‍ഗ്രസ് നേതാക്കളെത്തി.
കോട്ടയം സ്റ്റാർ ജംഗ്ഷനിൽ പഴയ ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്നലെ മുതൽ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചതോടെയാണ് നേതാക്കൾ നീണ്ട ഇടവേളയ്ക്കുശേഷം ഇവിടെയെത്തിയത്.
അതേസമയം പാർട്ടിയിലെ സ്ഥാനമാനങ്ങളെ ചൊല്ലി അതൃപ്തി പ്രകടിപ്പിട്ട ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.
വർഷങ്ങൾക്കു മുന്‍പ് മാണിയും ജോസഫും രണ്ടു പക്ഷത്തായിരുന്ന കാലത്ത് പി.ജെ. ജോസഫ് ആരംഭിച്ചതാണ് രണ്ടു നിലയിൽ സൗകര്യങ്ങളുള്ള ഈ ഓഫീസ്.
എൽഡിഎഫിൽ മന്ത്രിമാരായിരിക്കെ പി.ജെ. ജോസഫിനും ടി.യു. കുരുവിളയ്ക്കും വി. സുരേന്ദ്രൻപിള്ളയ്ക്കും മോൻസ് ജോസഫിനും ഇവിടെ സ്വീകരണം നൽകിയിട്ടുണ്ട്.
ഈ ഓഫീസിലും തൊട്ടുചേർന്നുള്ള ഐഡ ഹോട്ടലിലുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ അക്കാലത്തെ പരിപാടികൾ പതിവായി നടന്നിരുന്നത്.
കാലങ്ങളോളം ഇതിൽ പരിപാടികളോ ഗ്രൂപ്പുയോഗങ്ങളോ നടന്നിരുന്നില്ല. ഏറെക്കാലം മാണിയോടൊപ്പമായിരുന്ന ഒരു നിര പ്രമുഖ നേതാക്കൾ ഇന്നലെ ജോസഫിനൊപ്പം ഈ ഓഫീസിൽ ഒന്നു ചേർന്നതാണ് പുതുമയായത്.
ജോസഫ് വിഭാഗം മാണി ഗ്രൂപ്പിൽ ലയിച്ചതോടെ ഈ കെട്ടിടം ഗാന്ധി സ്റ്റഡി സെന്ററിന്റെ മേഖലാ ഓഫീസായി നാമകരണം ചെയ്ത് അടച്ചിട്ടു. ഇടക്കാലത്ത് ജോസഫിൽനിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് ഒരുവിഭാഗം പിളർന്നുമാറി.
അവരിൽ ഏതാനും നേതാക്കൾ പിന്നീട് മടങ്ങിവരികയും ചെയ്തു. മാണിയിൽ തുടങ്ങി പിന്നീട് തനിച്ചായ പി.സി. തോമസ് ഇന്നലെ ജോസഫിനൊപ്പമുണ്ടായിരുന്നു.
ഓഫീസ് ഉദ്ഘാടനം പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ജോസഫ് എം. പുതുശേരി തുടങ്ങിയ പങ്കെടുത്തു.