സ്വന്തം ലേഖകൻ
പൂമല: ആസ്വദിക്കാൻ സഞ്ചാരികളാരുമില്ലെങ്കിലും പൂമല വെള്ളച്ചാട്ടം കനത്ത മഴയിൽ കൂടുതൽ സുന്ദരിയാകുന്നു. കോവിഡും ലോക്ഡൗണും മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരെ നിയന്ത്രിച്ചിരിക്കുന്നതിനാൽ ഈ മഴക്കാലത്ത് പൂമല വെള്ളച്ചാട്ടത്തിന്റെ അഴക് ആസ്വദിക്കാൻ സന്ദർശകരാരും എത്തിയിട്ടില്ല.
ഡാമിലെ ഷട്ടർ തുറന്നപ്പോഴുണ്ടായ വെള്ളച്ചാട്ടം ഹൃദ്യമായ കാഴ്ചയാണ്.തൃശൂരിന്റെ വിനോദസഞ്ചാര മേഖലയിൽ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടായി പൂമല ഡാമിനെയും പരിസരത്തേയും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡാം ചുറ്റി നടന്നു കാണാൻ നടപ്പാതകളും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്.
ഷട്ടർ തുറന്നാൽ മുൻപുണ്ടായിരുന്ന താൽക്കാലിക വെള്ളച്ചാട്ടം കുറേക്കൂടി ആസ്വാദ്യകരമാക്കാൻ വേണ്ട നടപടികളും കൈക്കൊണ്ടിട്ടുണ്ട്. വെള്ളം ഒഴുകി പോകുന്ന കനാലിന്റെ ആഴവും വീതിയും കൂട്ടി. സഞ്ചാരികൾക്ക് കുളിച്ചുല്ലസിക്കാൻ ചെളി നീക്കം ചെയ്ത് ഇവിടെ ചെറിയ തടയണ തീർത്ത് കോണ്‍ക്രീറ്റ് ചെയ്തു.
ഇവിടെ നിന്നും മുന്നൂറു മീറ്റർ മാറിയുള്ള കുന്നിന്റെ മുകളിൽ നിന്നും വരുന്ന വെള്ളച്ചാട്ടം കാണാനും അവിടെ ഇറങ്ങി കുളിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ കോവിഡിന് മുന്‍പുവരെ ധാരാളം വിനോദസഞ്ചാരികൾ ജില്ലക്കകത്തു നിന്നും പുറത്തു നിന്നും വരാറുണ്ട്.
ഈ കുന്നിൽ ഇപ്പോൾ കരിങ്കല്ലു പാകിയും കോണ്‍ക്രീറ്റിംഗ് നടത്തിയും മനോഹരമാക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ തട്ടുകൾ വർധിപ്പിച്ചപ്പോൾ കുന്നിൽ നിന്നും പല തട്ടുകളിലൂടെ വെള്ളം നുരഞ്ഞുപൊന്തി താഴേക്ക് പതിയെ പതിക്കുന്നത് കണ്ണിനു കുളിരുപകരുന്ന കാഴ്ചയായി മാറി.
മരങ്ങളും പാറക്കെട്ടുകളും നിറഞ്ഞ കാട്ടിലൂടെ മലവായ ചോറ്റുപാറ മുളങ്കുന്നത്തുകാവ് ഭാഗത്തേക്കാണ് ഈ വെള്ളം ഒഴുകിപോകുന്നത്.വെള്ളച്ചാട്ടവും വെള്ളം ഒഴുകിപോകുന്നതും കാണാനെത്തുന്നവർക്ക് സുരക്ഷിതമായി നിൽക്കാനുള്ള നടപ്പാതകളും കൈവരികളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ലോക്ഡൗണും മറ്റും മൂലം മന്ദഗതിയിലാണ്.ഡാമിന്റെ ആഴവും വീതിയും കൂട്ടിയിട്ടുണ്ട്. ഡാമിന്റെ മറുകരയിലൂടെ പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതു പൂർത്തിയായാൽ ഡാമിനെ ചുറ്റി സഞ്ചരിക്കാനും ഡാമിന്റെ രണ്ടു വശത്തുകൂടി പൂമലയിലേക്ക് എത്താനും സാധിക്കും.
വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി പൂമല മാറുമെന്ന് ഇറിഗേഷൻ അസി.എഞ്ചിനീയർ ധന്യ പറഞ്ഞു. നിലവിൽ കുതിര സവാരി, ബോട്ടു സവാരി എന്നിവയെല്ലാം ഇവിടെയുണ്ട്.
ലോക്ഡൗണ്‍ ഇളവു ലഭിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്പോൾ പൂമലയിലേക്ക് വിനോദ സഞ്ചാരികളെത്തും. ഡാം തുറന്നതറിഞ്ഞ് വെള്ളച്ചാട്ടം കാണാൻ ബൈക്കിൽ ചെറുപ്പക്കാരെത്തുന്നുണ്ടെങ്കിലും പോലീസ് സഞ്ചാരികളെ കടത്തി വിടുന്നില്ല.