കോഴിക്കോട്: കോഴിയിറച്ചി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി ഹോട്ടലുടമകള്‍.
കോഴിയിറച്ചി വിലയില്‍ രണ്ടാഴ്ചയ്ക്കിടയില്‍ ഇരട്ടിയോളം വര്‍ധനയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ സാധാരണവിലയില് വില്‍ക്കുന്നത് ഹോട്ടലുകള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കുന്നത്.
കോഴിയിറച്ചി വില കുറയാത്തപക്ഷം ഹോട്ടലുകളില്‍ ചിക്കന്‍വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഭക്ഷ്യവിഭവമന്ത്രിക്കും നിവേദനം നല്‍കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) ജനറല്‍സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു.
നിലവില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുളളൂ. ഇക്കാരണത്താല്‍ പ്രവര്‍ത്തന ചെലവു പോലും കണ്ടെത്താനാകാതെ ഹോട്ടലുടമകള്‍ കടുത്ത പ്രതിസന്ധിയിലാണ്.
കോഴിവില വര്‍ധിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളിലെ ചിക്കന്‍വിഭവങ്ങളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
തമിഴ്നാട്ടില്‍നിന്നാണു കേരളത്തിലേക്ക് ഇറച്ചിക്കോഴികള്‍ എത്തുന്നത്. ഇപ്പോള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് വില കുത്തനെ കയറ്റിയത്.
ഇറച്ചിക്കോഴി ഉത്പാദനം കുറയ്ക്കുകയും വിപണിയില്‍ ക്ഷാമമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതിലൂടെ ലക്ഷങ്ങളാണ് ഇവര്‍ക്കു ലാഭമുണ്ടാവുന്നത്.
സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. ഒരു ദിവസം ശരാശരി 40 ടണ്‍ കോഴിയെങ്കിലും സംസ്ഥാനത്തുടനീളം ഹോട്ടലുകളില്‍ ഉപയോഗിക്കുന്നുണ്ട്.
ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെഎച്ച്ആര്‍എ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.