ഗാന്ധിനഗർ: രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കൈയിൽനിന്നും മൊബൈൽ ഫോണ് തട്ടിപ്പറിച്ചുകൊണ്ട് ഓടിയ കള്ളനെ മൽപ്പിടുത്തത്തിനൊടുവിൽ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി. കായംകുളം വള്ളികുന്നം സ്വദേശി രാജീവി (24)നെയാണ് പിടികൂടിയത്.
ഇന്നു രാവിലെ മെഡിക്കൽ കോളജ് സർജറി തീവ്രപരിചരണ വിഭാഗത്തിനു മുന്പിലാണ് സംഭവം. പാലാ സ്വദേശിനിയായ യുവതിയുടെ മകൻ ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
യുവതി ഐസിയുവിന്റെ മുൻഭാഗത്ത് വാർഡിന്റെ വശത്തായി നിൽക്കുകയായിരുന്നു. ഇതുവഴി വന്ന രാജീവ് യുവതിയുടെ സമീപത്തെത്തി മൊബൈൽ ഫോണ് തട്ടിയെടുത്ത് ഓടുകയായിരുന്നു.
യുവതിയും സമീപത്തുണ്ടായിരുന്ന മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ബഹളംവെച്ച് പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ഇതിനിടയിൽ പ്രവേശന കവാടത്തിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന സെക്യുരിറ്റി ജീവനക്കാരനായ കാഞ്ഞിരം സ്വദേശിയായ സോമന്റെ നേതൃത്വത്തിലുള്ള ടീം വിവരം അറിയുകയും രാജീവിനെ പിന്തുടരുകയും ചെയ്തു.
തുടർന്ന്, രക്ത ബാങ്കിനു സമീപമുള്ള ഇടനാഴിയിൽ സോമനും സുഹൃത്ത് സതീഷും ചേർന്ന് മൽപ്പിടിത്തത്തിനൊടുവിൽ രാജീവിനെ പിടികൂടുകയായിരുന്നു.
പിന്നീട് ഇയാളെ പോലീസ് എയ്ഡ് പോസ്റ്റിൽ ഏല്പിച്ചു. ഒന്നിലധികം ഫോണുകൾ ഇയാളുടെ കൈവശത്തുള്ളതിനാൽ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയ ശേഷമേ തുടർ നടപടി സ്വീകരിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.