കൊച്ചി: സ്ത്രീധന പീഡനങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും കുറവില്ലെന്ന് വ്യക്തമാക്കി കണക്കുകള്‍.
സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,352 പോക്സോ കേസുകളാണ്. കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്തത് 3,019 കേസുകളാണ്.
ഈ വര്‍ഷം ആറു മാസം പിന്നിടുമ്പോള്‍ തന്നെ ഇത്തരം കേസുകള്‍ 1,500നോട് അടുക്കുന്നത് ആശങ്ക ഉളവാകുന്നതാണ്. 2018ല്‍ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 4,253 കുട്ടികളാണ് പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് ഇരയായത്.
2019 ല്‍ അത് 4,553 ആയി വര്‍ധിച്ചു. 2018ല്‍ പോക്സോ കേസുകളുടെ എണ്ണം 3,179 ആയിരുന്നെങ്കില്‍, 2019ല്‍ ഇത് 3,609 ആയി ഉയര്‍ന്നു.
വളര്‍ത്തു മാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍, മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത്.
അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളില്‍ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൂടുതലുള്ളത് തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ്.
ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 627 കേസുകളാണ്.