അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ എൺപത്തിയാറാമത് ലജിസ്ലേറ്റീവ് അസംബ്ലിയിൽ ക്ലൗഡ് കംപ്യൂട്ടിംഗിൽ സംസ്ഥാനം പിന്നോട്ടായതുസംബന്ധിച്ചു ചർച്ച ചൂടുപിടിക്കുന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം മുന്നിൽ.
കേമന്മാരെന്നു കരുതുന്ന ഏറ്റവും മുന്നേറ്റസംസ്ഥാനം പിന്നിൽ ഇഴഞ്ഞു നീങ്ങുന്നു. ക്ലൗഡ് അഡോപ്ഷൻ സ്പീഡാക്കണം. അന്നത്തെ സ്റ്റേറ്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ ടോഡ് കിംബ്രിയെൽ അടിയന്തര യോഗം വിളിച്ചു.
ഗവൺമെന്റിൽ അധികമാരും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. എല്ലാം സ്പീഡാക്കാൻ ക്ലൗഡ് ട്രാൻസ്ഫോർമേഷൻ ആളിക്കത്തിക്കാൻ ടോഡ് ടെക്സാസ് ക്ലൗഡ് ടൈഗർ ടീം എന്ന ആശയം അവതരിപ്പിച്ചു. അങ്ങനെ 2019 മാർച്ച് 28ന് ടൈഗർ ടീം പ്രഖ്യാപിക്കപ്പെട്ടു.
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോഡ് കണ്ടെത്തിയത് മലയാളിയായ വി. ഇ. കൃഷ്ണകുമാറിനെ.
കണ്ണൂർ നടുവിൽ സ്വദേശിയായ ഈ നാൽപ്പത്തെട്ടുകാരൻ അന്നുമുതൽ ടെക്സാസ് സംസ്ഥാനത്തിന്റെ ഐടി രംഗത്തെ താക്കോൽസ്ഥാനത്താണ്.
ഇപ്പോൾ ടെക്സാസ് ഗവൺമെന്റിന്റെ ടെക്സാസ് എന്റർപ്രൈസസ് സോലൂഷൻ സർവീസസ് ഡയറക്ടറാണ് കൃഷ്ണകുമാർ. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി.
നടുവിൽ പഞ്ചായത്തിന്റെ മുൻപ്രസിഡന്റും നടുവിൽ ഹൈസ്കൂളിലെ റിട്ട. ഹെഡ്മാസ്റ്ററുമായ കെ.പി. കേശവന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.ഇ. രുഗ്മിണിയുടെയും മകനാണ് കൃഷ്ണകുമാർ.
നടുവിൽ എൽപി സ്കൂളിലും കഴക്കൂട്ടം സൈനിക സ്കൂളിലും തളിപ്പറമ്പ് സർ സയ്യിദ് കോളജിലും മധുര കാമരാജ് യൂണിവേഴ് സിറ്റിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ദീപികയിലൂടെ പത്രപ്രവർത്തന രംഗത്തെത്തിയ കൃഷ്ണകുമാർ പിടിഐയിലടക്കം പ്രവർത്തിച്ചു.
21 വർഷംമുമ്പ് അമേരിക്കയിലേക്കു കുടിയേറുകയും അവിടെയും ഏറെക്കാലം പത്രപ്രവർത്തനരംഗത്തു തുടരുകയും ചെയ്തു. തുടർന്നാണ് ഐടി രംഗത്തേക്കുചുവടുമാറിയത്.
പത്രത്തിൽ തുടക്കം
പത്രപ്രവർത്തനരംഗം വിടാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് പത്രപ്രവർത്തനത്തിൽനിന്ന് താൻ ഒളിച്ചോടുകയായിരുന്നില്ല എന്നാണ് കൃഷ്ണകുമാറിന്റെ മറുപടി.
1991 മുതൽ , പഠിക്കുന്ന കാലമുൾപ്പെടുത്തിയാൽ, 14 വർഷം പൂർത്തിയാകുമ്പോൾ എഡിറ്ററായും റിപ്പോർട്ടറായും പബ്ളിഷറായും പ്രവർത്തിച്ചിട്ടുണ്ട്.
ദിനപത്രം, സായാഹ്ന പത്രം, വീക്കിലി, മാസിക, ന്യൂസ് ഏജൻസി, ഓൺലൈൻ മീഡിയ, ടെലിവിഷൻ അങ്ങനെ ഒട്ടുമിക്ക മീഡിയാ വിഭാഗങ്ങളിലും കൈവച്ചു.
കൂടാതെ പരസ്യവും മാർക്കറ്റിംഗും ചെയ്തു. ഒരു പബ്ളിക്കഷൻ, ടിവി 18 വാങ്ങുന്ന സ്ഥിതിയിലേക്ക് ഉയർത്തി മീഡിയാ സ്റ്റാർട്ടപ്പിന്റെ രുചിയുമറിഞ്ഞു.
സിഎൻഎന്നിലും ബിബിസിയിലും വാർത്ത നൽകി പ്രതിഫലം പറ്റി. റേഡിയോ പ്രോഗ്രാം മാത്രം അധികം ചെയ്തിട്ടില്ലെന്നും അദ്ദേഹം സൺഡേ ദീപികയോടു പറഞ്ഞു.
നിരവധി അവാർഡുകളും അക്രഡിറ്റേഷനും അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട്. പത്രപ്രവർത്തത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഉയരങ്ങൾ കീഴടക്കിയാണ് കൃഷ്ണകുമാർ ടെക്നോളജി കൺസൽട്ടിംഗിലേക്കു മാറിയത്.
ആറു കൊല്ലത്തോളം സ്വന്തം കൺസൽട്ടിംഗ്, പിന്നെ അഞ്ചുകൊല്ലം അക്സ്ചഞ്ചറിൽ. അങ്ങനെ 11 വർഷത്തെ കൺസൽട്ടിഗ് എക്സ്പീരിയൻസായപ്പോൾ പൊതുമേഖലയിലേക്ക്.
സ്ഥാപനങ്ങൾ മാറി ഓരോ മേഖലയും പഠിച്ചെടുത്താണ് സർക്കാർ വകുപ്പിലെത്തിയത്. അടുത്ത പത്തുകൊല്ലം ദൈവ സഹായത്തോടെ കൂടുതൽ ഉയരങ്ങളിലേക്ക് പോവുക തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
ടെക്സസിൽ
ടെക്സാസ് ക്ലൗഡ് ടൈഗർ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കൃഷ്ണകുമാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണു നടത്തിയത്.
രണ്ടുപേരിൽനിന്ന് നൂറു വിദഗ്ധരിൽ എത്തിനിൽക്കുന്ന ഐടി കൂട്ടായ്മ ടെക്സാസിനെ നാഷണൽ സർവേയിൽ ബി ഗ്രേഡിൽനിന്ന് എ ഗ്രേഡിലെത്തിച്ചു. ആറുമാസത്തിനുള്ളിലായിരുന്നു ഈ നേട്ടം.
ടോഡ് കിംബ്രയേൽ വിരമിച്ച വേളയിൽ അദ്ദേഹം കൃഷ്ണകുമാറിനെക്കുറിച്ചു പറഞ്ഞത് “” ശരിയായ ആൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത്” എന്നായിരുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്തു മുന്നേറാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് സെന്റർ ഓഫ് എക്സലൻസ് എന്ന കൃഷ്ണകുമാറിന്റെ ആശയവും ടോഡ് വിരമിക്കുന്നതിനു മുമ്പുതന്നെ അംഗീകരിച്ചു.
എന്നാൽ കോവിഡ് മഹാമാരിമൂലം പ്രഖ്യാപനം വൈകി. ഒടുവിൽ കഴിഞ്ഞ ഡിസംബറിലാണ് ടെക്സാസ് ആർട്ടിഫിഷൽ സെന്റർ ഓഫ് എക്സലൻസ് ആൻഡ് റോബോട്ടിക് പ്രാക്ടീസസ് നിലവിൽവന്നത്. ഡയറക്ടറാ യി കൃഷ്ണകുമാറിന് അധിക ചുമതലയും നൽകി.
ടെക്സസ് സംസ്ഥാനത്തിന്റെ 181 ഡിപ്പാർട്ട്മെന്റുകളുടെയും 3,500 പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ മാറ്റമാണ് കൃഷ്ണകുമാറിന്റെ ദൗത്യം.
ലജിസ്ലേറ്റീവ് ബജറ്റ് ബോർഡിന് ഒന്നിടവിട്ട വർഷങ്ങളിൽ സമർപ്പിക്കുന്ന ഐടി പ്രോജക്ടിന്റെ ബജറ്റ് സംബന്ധിച്ച ശിപാർശകൾ തയാറേക്കണ്ടതിന്റെ ചുമതലയുമുണ്ട്. 2018ൽ 482 മില്യൺ ഡോളറായിരുന്നു ഐടി പ്രോജക്ടിന്റെ മാത്രം ബജറ്റ്.
എന്നാൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 2020 ൽ ഇത് 898.6 മില്യൺ ഡോളറായി ഉയർത്തി. കൂടാതെ 4320 ടെക്സാസ് ആപ്ലിക്കേഷനുകളുടെ എന്റർപ്രൈസസ് ആർക്കിടെക്ചർ പോർട്ട്ഫോളിയോ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ചുമതലയടക്കം ഐടി മേഖലയിലെ നിരവധി പ്രോഗ്രാമുകളുടെ ചുമതലയും കൃഷ്ണകുമാറിനുണ്ട്.
ആറു മാസം കൊണ്ടു തന്നെ ആർട്ടിഫിഷ്യൽ സെൻറ്റർ ഓഫ് ഇൻറ്റലിജൻസിനെയും പ്രശസ്തമാക്കി. 20 പൈലക്ട് പ്രോജക്ടിൽ അഞ്ചെണ്ണം ലൈവായി. സ്റ്റേറ്റ് സ്കൂപ് പബ്ളിക്കേഷൻ നടത്തിയ സ്റ്റേറ്റ് ഇന്നവേഷൻ അവാർഡിന് പുതിയ സെൻറ്ററിനാണ് വോട്ട് ലഭിച്ചത്.
അമേരിക്കയിലെ ഗവൺമെന്റ് മേഖലയിലെ “വാൾസ്ട്രീറ്റ് ജേർണലെന്നറിയപ്പെടുന്ന സറ്റേറ്റ് സ്കൂപ്പ്” പ്രസിദ്ധീകരണത്തിന്റെ അവാർഡ് ടെക്സാസിലെത്തിയതൊടെ കൂടുതൽ ഏജൻസികൾക്ക് ഇപ്പോൾ ആർട്ടിഫിഷൽ ഇന്റലിജൻസ് വേണം.
സ്കൂളുകൾക്കും വേണം ബൂട്ട് ക്യാംപുകൾ. “ഇടവേളകളിൽ കേരളത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും നിർമിത ബുദ്ധി രംഗത്തെയും അമേരിക്കൻ സാധ്യതകളെയും പരിചയപ്പെടുത്തുന്ന പരിപാടികളിൽ പങ്കാളിയാകും.” കൃഷ്ണകുമാർ പറയുന്നു.
ഐറ്റി ഇന്നവേഷൻ വക്താവ്
സംസ്ഥാനത്തിന്റെ ഐടി ഇന്നവേഷൻ വക്താവുകൂടിയാണ് കൃഷ്ണകുമാർ. സംസ്ഥാനങ്ങളുടെ ഐടി ഡയറക്ടർമാരുടെ കൂട്ടായ്മയായ നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റേറ്റ് ടെക്നോളജി ഡയറക്ടേഴ്സിന്റെ ക്ലൗഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് നോർത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനവും കൃഷ്ണകുമാറിനാണ്.
ആർട്ടിഫിഷൽ രംഗത്തു മാത്രമല്ല ബ്ലോക്ക് ചെയിൻ ടെക്നോളജിയിലേക്കും ചുവടുറുപ്പിക്കുകയാണ്. അതിനായുള്ള ബില്ലുകൾ പാസായി കഴിഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്.
കഠിനാധ്വാനവും സമയനിഷ്ഠയും
ഏൽപ്പിക്കപ്പെടുന്നതിനപ്പുറവും ചെയ്യുക എന്നത് കൃഷ്ണകുമാറിന് ചെറുപ്പംമുതലേയുള്ള ശീലമാണ്. ചെയ്യുന്ന കാര്യങ്ങൾ സമഗ്രതയിലും സമയബന്ധിതമായും പൂർത്തിയാക്കുക എന്നതും കൃഷ്ണകുമാറിന്റെ സവിശേഷതയാണ്.
പത്രപ്രവർത്തനരംഗത്തുതന്നെ പെട്ടന്ന് ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് ഈ ശീലംകൊണ്ടാണ്. കഠിനാദ്ധ്വാനം മാത്രമല്ല ഉറച്ച ലക്ഷ്യബോധവും അതുനേടിയെടുക്കാൻ മടുപ്പില്ലാത്ത പരിശ്രമവും കൃഷ്ണകുമാറിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ബോസ്റ്റണിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഡിഗ്രി സമ്പാദിച്ചതോടെയാണ് കൃഷ്ണകുമാർ പത്രപ്രവർത്തനരംഗം വിട്ട് ഐടിമേഖലയിലേക്കു തിരിഞ്ഞത്.
സിലിക്കൺവാലിയിൽ ആക്സ്ഞ്ചറിൽ സീനിയർ മാനേജരായി. പിന്നീട് ടെക്സാസിലെ ഓസ്റ്റിനിലേക്ക് താമസം മാറുകയായിരുന്നു. തുടർന്നാണ് ടെക്സാസിന്റെ ക്ലൗഡ് കംപ്യൂട്ടിംഗിൽ വൈദഗ്ധ്യം തെളിയിച്ചത്.
അമേരിക്കയിൽ ഉന്നതപദവിയിൽ എത്തുമ്പോഴും നാടും നാട്ടുകാരും കൃഷിയും പശുവളർത്തലുമെല്ലാം കൃഷ്ണകുമാറിന്റെ കൂടെത്തന്നെയുണ്ട്. നാട്ടിലുള്ള സുഹൃത്തുക്കളെ ഫോണിൽവിളിച്ച് നിരന്തരം സൗഹൃദം പങ്കുവയ്ക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധാലുവാണ്. നാട്ടിലെ ഓരോ ചലനങ്ങളും വിശേഷങ്ങളുമെല്ലാം അപ്പോൾത്തന്നെ അറിയാനും ഇഷ്ടപ്പെടുന്നു.
അച്ഛനും അമ്മയും മാത്രമല്ല സഹോദരങ്ങളായ ജയചന്ദ്രനും അനുരാധയുമെല്ലാം ഇത്തരം വിശേഷങ്ങൾ നിരന്തരം കൈമാറുന്നുമുണ്ട്. പ്രസിഡന്റിന്റെ അവാർഡ് നേടിയ ഒ.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മകളും സോഫ്റ്റ്വേർ എൻജിനിയറുമായ ഭാര്യ സജിതയ്ക്കും മക്കൾ ധ്രുപദ്, നിരുപധ് എന്നിവർക്കുമൊപ്പം ഓസ്റ്റിനിലാണ് കൃഷ്ണകുമാറിന്റെ താമസം.
സൈനിക സ്കൂളിലെ ആറാംക്ലാസിൽ പഠിക്കുമ്പോൾ ഹൗസ് മാസ്റ്റർ എസ്. ഹരിഹര ശർമ നൽകിയ ഉപദേശം” നിങ്ങൾ ഓടുകയാണെങ്കിൽ പി.ടി. ഉഷയെപ്പോലെ ഓടണം’ ഇപ്പോഴും കാതിൽ മുഴങ്ങുന്നു എന്നാണ് കൃഷ്ണകുമാർ പറയുന്നത്. അതുകൊണ്ടുതന്നെ കൃഷ്ണകുമാറിനെത്തേടി ഇനിയും ഉന്നതപദവികൾ എത്തുകതന്നെചെയ്യും.
സി.കെ. കുര്യാച്ചൻ