തിരൂർ: ബാറിനു സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച 1143 കുപ്പി വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ കോട്ടയം പൂഞ്ഞാർ കല്ലിക്കൽ വീട്ടിൽ ജെൻസണ് മാത്യുവിനെ അറസ്റ്റു ചെയ്തു.
വളാഞ്ചേരി ഗ്രാൻഡ് റീജൻസി ബാറിനു സമീപം ലോക്ക് ഡൗണ്‍ കാലത്ത് ഇരട്ടി വിലയ്ക്ക് വിൽക്കാൻ സൂക്ഷിച്ച ലിറ്റർക്കണക്കിനു വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.
അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിരൂർ സർക്കിളിലെയും കുറ്റിപ്പുറം എക്സൈസ് റേഞ്ചിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.
ഗ്രാൻഡ് ബാറിനു സമീപത്തെ കെട്ടിടത്തിലെ മുറിയിൽ നിന്നു വിൽപ്പനയ്ക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ജെൻസണ് മാത്യുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗ്രാൻഡ് ബാറിൽ നിന്നു ചില്ലറ വിൽപ്പനയ്ക്കായി എടുത്തുമാറ്റി സൂക്ഷിച്ചതാണെന്നാണ് ജോണ്‍സന്റെ മൊഴി. മദ്യം യഥാർഥ വിലയേക്കാൾ കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും ലോക്ഡൗണ്‍ കാലമായതിനാൽ ബാർ അവധി ദിവസങ്ങളിലും മദ്യം വിൽക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.