നഴ്സുമാരുടെ സ്വപ്നഭൂമിയായ ബ്രിട്ടന് ഇനി മറ്റ് തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവരുടെയും ഇഷ്ടഭൂമിയാകും. കോവിഡാനന്തര ബ്രിട്ടന് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് എന്ന പുതിയ ഏട് എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
ഇതിനായി സര്‍ക്കാരിനെ പ്രേരിപ്പിച്ചതാവട്ടെ മാനവവിഭവശേഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവും. പ്രത്യേക നൈപുണ്യം ആവശ്യമായ തൊഴിലുകള്‍ ചെയ്യാന്‍ ബ്രിട്ടനിലെ ആഭ്യന്തര തൊഴില്‍ വിപണിയില്‍ ആവശ്യത്തിന് ആളെ ലഭിക്കാത്ത മേഖലകളിലേക്കാണ് ഈ ലിസ്റ്റ് വഴി ആളുകളെ ജോലിക്കെടുക്കുക.
ഇതില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബ്രിട്ടനിലെത്തുക കൂടുതല്‍ അനായാസകരമായി മാറും. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആവശ്യത്തിന് മാനവ വിഭവശേഷി ഉറപ്പാക്കുക എന്ന നയമനുസരിച്ച് പല പുതിയ തൊഴിലുകളും ഈ തസ്തികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
പോയിന്റ് അടിസ്ഥാനത്തില്‍ വിസ അംഗീകരിക്കപ്പെടുന്ന പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ആവശ്യമുള്ള തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കും.
ഇതനുസരിച്ച് ഒരു അപേക്ഷകന് വിസ ലഭിക്കുവാന്‍ കുറഞ്ഞത് 70 പോയിന്റ് നേടേണ്ടതുണ്ട്. തൊഴിലിലെ നൈപുണ്യം, ഇംഗ്ലീഷ് പരിജ്ഞാനം, ശമ്പളം എന്നിവയൊക്കെ പരിഗണിച്ചായിരിക്കും പോയിന്റുകള്‍ നല്‍കുക.
2021 മാര്‍ച്ച് 4 നാണ് യുകെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഏറ്റവും അവസാനമായി മാറ്റങ്ങള്‍ വരുത്തിയത്. ഇതില്‍ ഉള്‍പ്പെട്ടിരുന്ന ഷെഫ് എന്ന വിഭാഗത്തെ ഇതില്‍നിന്നും നീക്കം ചെയ്തതിനൊപ്പം പല പുതിയ തൊഴിലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, വിവിധ ഭാഷാ അദ്ധ്യാപകരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ടേബിളുകളായാണ് ഇതില്‍ തൊഴിലുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ ആദ്യ പട്ടികയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പബ്ലിക് ഹെല്‍ത്ത് മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍ കെയര്‍ മാനേജര്‍മാര്‍, ബയോളജിക്കല്‍ ശാസ്ത്രജ്ഞര്‍, ബയോകെമിസ്റ്റുകള്‍, ഫിസിക്കല്‍ സയന്റിസ്റ്റ്, സോഷ്യല്‍ സയന്റിസ്റ്റ്,സിവില്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഇലക്ട്രോണിക്സ് എഞ്ചിനീയര്‍, ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് എഞ്ചിനീയര്‍, പ്രൊഡക്ഷന്‍ ആന്‍ഡ് പ്രൊസസ് എഞ്ചിനീയര്‍, ഐ ടി വിദഗ്ദര്‍, സൊഫ്റ്റ്വെയര്‍ വിദഗ്ദര്‍, വെബ് ഡെവലപ്പര്‍മാര്‍, വിവിധ മേഖലകളില്‍ സ്പെഷലൈസ് ചെയ്ത ഡോക്ടര്‍മാര്‍, മൃഗഡോക്ടര്‍, നഴ്സുമാരദ്ധ്യാപകര്, കലാകാരന്മാര് എന്നിവരുള്‍പ്പെടുന്നു.
ഇതില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ അടങ്ങിയതാണ് രണ്ടാമത്തെ പട്ടിക. നാഷണല്‍ പേ സ്കെയിലിന് സമാനമായ ശമ്പളമായിരിക്കും പട്ടിക രണ്ടില്‍ ഉള്‍പ്പെടുന്ന വിഭാഗക്കാര്‍ക്ക് ലഭിക്കുക.
വിസാ നിയമത്തിലെ സ്കില്‍ഡ് വര്‍ക്കര്‍ റൂട്ടിലൂടെ ഇവര്‍ക്ക് എളുപ്പത്തില്‍ വിസ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, ഇതിനാവശ്യമായ അടിസ്ഥാന യോഗ്യതകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. ബ്രിട്ടനിലെ നാല് അംഗരാജ്യങ്ങളിലും ഉള്ള ഒഴിവുകള്‍ ഇതിന്റെ കീഴില്‍ പരിഗണിക്കപ്പെടും.
ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൊഴില്‍ ചെയ്യാനായി ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക് പിന്നീട് വേണമെങ്കില്‍ മറ്റ് മേഖലകളിലേക്ക് മാറാനുള്ള അവസരവും അനുവാദവും ഉണ്ട്.
വിസ നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ ഉള്‍പ്പെടാതെ ബ്രിട്ടനിലേക്ക് എത്തിച്ചേരുവാന്‍ നല്ല സമയമാണിത്. എന്നാല്‍, ഈ രംഗത്ത് തട്ടിപ്പുകള്‍ നടക്കാനുള്ള സാഹചര്യവുമുണ്ട്.
അതിനാല്‍ യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് നിങ്ങള്‍ക്ക് നൈപുണ്യമുള്ള തൊഴില്‍ ഷോര്‍ട്ടേജ് ഒക്കുപ്പെഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഇതിനായുള്ള ശ്രമങ്ങള്‍ തുടരുക എന്നു ചുരുക്കം.