സ്വന്തം ലേഖകൻ
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതികളെയും തട്ടിപ്പിനെയുംക്കുറിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരത്തെതന്നെ പരാതി ലഭിച്ചിരുന്നു.വായ്പയെടുത്തവർക്ക് വൻ തുക തിരിച്ചടക്കാൻ നോട്ടീസ് വന്നപ്പോൾ അവർ പാർട്ടിതലത്തിൽ ഇക്കാര്യം പരാതിപ്പെടുകയായിരുന്നു.
പരാതികൾ വർധിച്ചതോടെ സത്യാവസ്ഥ അറിയാൻ സിപിഎം രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. മുൻ എംപി പി.കെ ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഷാജൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ബാങ്കിന് എതിരെയുള്ള പരാതികൾ പരിശോധിച്ചത്. ഇവരുടെ അന്വേഷണത്തിൽ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ അംഗങ്ങൾ തട്ടിപ്പിൽ കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് പാർട്ടിക്ക് ശിപാർശയും നൽകിയിരുന്നു.
രണ്ട് മാസം മുന്പാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ നൂറു കോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ല: ജില്ലാ സെക്രട്ടറി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു. ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.