ടി.പി. സന്തോഷ്കുമാർ
പോലീസ് അന്വേഷണം മുറുകിയതോടെ പോലീസിന്റെ സംശയ വലയിൽ ഉണ്ടായിരുന്ന അർജുൻ കൂട്ടുകാരുടെ മുന്നിൽ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ അയാൾക്കുള്ള കുരുക്ക് കൂടുതൽ മുറുക്കി.
പോലീസ് അന്വേഷണത്തിൽ വലിയ കഥയില്ലെന്നും തെളിയാൻ പോകുന്നില്ലെന്നും ഇയാൾ ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
കൂടാതെ പോലീസ് ചോദ്യംചെയ്യുന്പോൾ ഒരു പോലെ മറുപടി നൽകണമെന്നും നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂട്ടുകാരിൽനിന്നു മനസിലാക്കിയ പോലീസ് കഴിഞ്ഞ നാലിന് അർജുനെ മണിക്കൂറുകളോളം ചോദ്യംചെയ്തു.
തിരിച്ചും മറിച്ചുമുള്ള പോലീസിന്റെ ചോദ്യത്തിനു മുന്നിൽ പലപ്പോഴും പതറിയ അർജുൻ ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിച്ചു.
ഇതിനിടെ, അർജുന്റെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി മകൻ കുറ്റം ചെയ്തിട്ടില്ലെന്നും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. പോലീസ് മനപ്പൂർവം കുറ്റം അടിച്ചേൽപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.
എന്നാൽ, കൃത്യമായ തെളിവുകൾ പോലീസ് നിരത്തിയതോടെ അവരും നിശബ്ദരായി. രാത്രി പത്തോടെ ചോദ്യംചെയ്യൽ പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തങ്ങൾ പതിവായി കണ്ടിരുന്ന സൗമ്യനായ ചെറുപ്പക്കാരൻ ഒരു ആറു വയസുകാരിയുടെ ഘാതകൻ ആണെന്നറിഞ്ഞപ്പോൾ ഇയാളുടെ വീട്ടുകാർക്കൊപ്പം നാട്ടുകാരും ഞെട്ടി.
കാലങ്ങളായി പീഡനം
ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനു ശേഷമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന വിവരത്തെത്തുടർന്നാണ് അവസാനവട്ട ചോദ്യംചെയ്യലിൽ അർജുൻ ഉൾപ്പെടെ നാലു പേരെ വിശദമായി ചോദ്യംചെയ്യാൻ പോലീസ് തീരുമാനിച്ചത്.
ഇതിൽ അർജുൻ പതിവായി അശ്ലീല വീഡിയോകൾ കാണുന്നയാളാണെന്നു പോലീസ് മനസിലാക്കി.
പിന്നീട് ഇതു മുൻനിർത്തിയുള്ള ചോദ്യംചെയ്യലിലാണ് പ്രതിക്കു കുറ്റം സമ്മതിക്കേണ്ടി വന്നത്. ഇത് ആദ്യ സംഭവമല്ലെന്നും മൂന്നു വയസുമുതൽ ഇയാൾ കുട്ടിയെ ഇയാൾ പീഡനത്തിനു വിധേയമാക്കിയിരുന്നതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ലയത്തിൽ ഇയാൾക്കുള്ള സ്വാതന്ത്ര്യവും പെണ്കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പവും മുതലാക്കിയാണ് പ്രതി കുട്ടിയെ പീഡനത്തിനു വിധേയമാക്കിയിരുന്നത്.
ഇടതു യുവജന സംഘടന പ്രവർത്തനവും സ്വകാര്യ സ്ഥാപനത്തിലെ ജോലിയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്.
ക്രൂരതയുടെ മധുരം
എല്ലാ ദിവസവും കുട്ടിക്ക് അന്പതും നൂറും രൂപയുടെ മിഠായിയും മധുര പലഹാരങ്ങളും വാങ്ങി നൽകി.
ഇത്തരത്തിൽ അടുപ്പം സ്ഥാപിച്ചാണ് തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു പോയിരുന്നപ്പോൾ പതിവായി വീട്ടിലെത്തി എട്ടും പൊട്ടും തിരിയാത്ത കുട്ടിയെ പീഡനത്തിനു വിധേയമാക്കിയിരുന്നത്.
ഇതൊന്നും കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. എപ്പോഴും വീട്ടിലെത്തിയിരുന്ന അർജുനെ സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ട സാഹചര്യങ്ങൾ ഒന്നുംതന്നെ ഇയാൾ ഉണ്ടാക്കിയിരുന്നില്ല.
എന്നാൽ, ഉള്ളിൽ ഒരു കഴുകനെ ഒളിപ്പിച്ചു നടന്ന ആ മനുഷ്യൻ അന്നും പതിവു പോലെ ലയത്തിനു സമീപത്തേക്ക് എത്തി.
(തുടരും)