ടി.ജി.ബൈജുനാഥ്
ചില ധാരണകളെയും വിശ്വാസങ്ങളെയും
രീതികളെയുമൊക്കെ തിരുത്തിയെഴുതുന്ന സ്റ്റാര്‍ മാജിക് വളരെ അപൂര്‍വമായേ മലയാളസിനിമയില്‍ സംഭവിക്കാറുള്ളൂ.
മഹേഷ് നാരായണന് സിനിമ മാലിക്കില്‍ ഡോ. ഷെര്‍മിന്‍ എന്ന ജയില്‍ ഡോക്ടറുടെ വേഷം അമിതാവേശവും ആഡംബരവുമില്ലാതെ മികച്ച കൈയടക്കത്തോടെ ക്ലാസിക് അനുഭവമാക്കിയ പാര്‍വതി ആര്. കൃഷ്ണയാണു താരം.
സീരിയലില്‍ അഭിനയിച്ചാല്‍ സിനിമ കിട്ടില്ലെന്നും കിട്ടിയാല്‍ത്തന്നെ നല്ല വേഷം കിട്ടില്ലെന്നുമുള്ള അബദ്ധധാരണകളെ പൊളിച്ചെഴുതുകയാണു പാര്‍വതി.
ഇപ്പോള്‍, നമ്മുടെ സിനിമ അനുഭവങ്ങളില്‍ അമ്പരപ്പും ഞെട്ടലും വിതയ്ക്കുകയാണ് മാലിക്കിലെ ഡോ. ഷെര്‍മിന്‍.
ഇന്‍സ്റ്റയില്‍ ഇത്തിരി ഫണ്ണി ആയ, ഇന്‍ഫ്ളുവന്‍സറായ പാര്‍വതിയല്ല മാലിക്കിലെ ഡോ. ഷെര്‍മിന്‍. അതിന്റെ സര്‍പ്രൈസ് സിനിമ കണ്ടുതന്നെയറിയണം.
ആരും മോഹിക്കുന്ന വേഷം
തമിഴില്‍ നിന്നു വരെ, പണ്ടേ വിളിച്ചതാണു പാര്‍വതിയെ, സിനിമ. പക്ഷേ, ബിടെക് പഠനത്തിനൊപ്പം അഡ്വര്‍ടൈസിംഗും മോഡലിംഗും ആംഗറിംഗുമായി പാര്‍വതി ഒരുങ്ങിക്കൂടി.
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന ലൈനിലായിരുന്നു പാര്‍വതി. സിവില്‍ എന്ജിനിയറായപ്പൊഴും അഭിനയത്തോടുള്ള ഇഷ്ടം സീരിയലില്‍ തുടർന്നു. തുടക്കം കെ.കെ.രാജീവ് സീരിയലില്‍.
ഒടുവില്‍ ചെയ്തതു രാത്രിമഴ; നാലു വര്‍ഷം മുമ്പ്. വെറുതെ നായികയായിയിട്ടു കാര്യമില്ല, പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലുമുണ്ടാവണം – സിനിമ വിളിക്കുമ്പോള്‍ അതായിരുന്നു പാര്‍വതിയുടെ നിലപാട്.
ആ നിലപാടും പാര്‍വതിയുടെ പ്രതിഭയിലുള്ള മഹേഷിന്റെ ഉറച്ച വിശ്വാസവും ഒന്നു ചേര്‍ന്നപ്പോള്‍ അതു സംഭവിച്ചു.
കഥയും കഥാപാത്രവും കഥയിലെ പങ്കും കേള്‍ക്കുന്ന മാത്രയില്‍ ഏതു നടിയും മോഹിക്കുന്ന മാലിക്കിലെ ആ നിര്‍ണായക വേഷത്തില്‍ പാര്‍വതിയെത്തി.
‘ കഴിവും ഭാഗ്യവുമുണ്ടെങ്കില്‍ എത്തേണ്ടിടത്ത് എത്തും. എനിക്ക് ആ ലക്ക് ഫാക്ടര്‍ കുറച്ചു കൂടുതലുണ്ടെന്നു തോന്നുന്നു. എപ്പോഴും ഓഫറുകള്‍ ഇങ്ങോട്ടാണു വന്നിട്ടുള്ളത്’ – പാര്‍വതി പറയുന്നു.
തോന്നലും തിരുത്തലും
സംഗീതസംവിധായകന് കൂടിയായ ഭര്‍ത്താവ് ബാലഗോപാലിനും മകന് അവ്യുക്തിനുമൊപ്പമുള്ള ജീവിതം സുന്ദരമായി ഒഴുകുന്നതിനിടെ പാര്വതിയെത്തേടി വീണ്ടും സിനിമയെത്തി.
മാലിക്കിലേക്കു വഴിതുറന്നത് അസി. ഡയറക്ടര്‍ ആര്‍ജെ ശാലിനിയുടെ ഇന്‍സ്റ്റ മെസേജ്. മഹേഷ് നാരായണന്റെ സാന്നിധ്യത്തില്‍ ഓഡിഷന്. സ്ക്രീന്‍ ടെസ്റ്റിനു ശേഷമുണ്ടായ കാര്യങ്ങള്‍ പാര്‍വതിയുടെ വാക്കുകളില്‍ – ‘ കിട്ടില്ലെന്നു തന്നെ കരുതി.
ചിലപ്പോള്‍ ഞാൻ സീരിയല്‍ ടൈപ്പ് ആയിരിക്കുമെന്ന് എനിക്കു തോന്നി. പക്ഷേ, മൈന്യൂട്ട് എക്സ്പ്രഷനുകള്‍ നന്നായിട്ടുണ്ടെന്ന് മഹേഷേട്ടനും ശാലിനിച്ചേച്ചിയും പറഞ്ഞു.
അടുത്ത ദിവസം, ഫ്രെഡിയായി വേഷമിട്ട സനലേട്ടനൊപ്പം സീന്‍ ചെയ്യിപ്പിച്ചു. ഫുള്‍ സ്ക്രിപ്റ്റ് തന്നു. ചില ഇറാനിയന്‍ സിനിമകള്‍ കാണാന്‍ പറഞ്ഞു. 2019 സെപ്റ്റംബറില്‍ ഷൂട്ട് തുടങ്ങാറായപ്പോഴേക്കും സ്ക്രിപ്റ്റ് കാണാപ്പാഠമായി.’
ഫഹദിനെ ഇന്റർവ്യൂ ചെയ്ത പാർവതി
സനല്‍ അമനൊപ്പമായിരുന്നു പാര്‍വതിയുടെ കോംബിനേഷനുകളില്‍ ഏറെയും. പക്ഷേ, ആദ്യ ഷോട്ട് ഫഹദിനൊപ്പമായിരുന്നു.
ടെലിവിഷനിൽ ഫഹദിനെ രണ്ടുതവണ ഇന്റര്‍വ്യൂ ചെയ്ത പാര്‍വതി മാലിക്കിലെ കഥാഗതി നിര്‍ണയിക്കുന്ന വേഷത്തില്‍ ഫഹദിനൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടുന്ന നിമിഷങ്ങൾ.
ഷൂട്ടിംഗ് തുടങ്ങിയ ദിവസം തന്നെയാണ് ആ സീന്‍ എടുത്തത്. അതുകൊണ്ടുതന്നെ ഇത്തിരി പേടിയും ടെന്ഷനുമുണ്ടായിരുന്നതായി പാര്‍വതി. ‘ പക്ഷേ, എത്ര സമയം വേണമെങ്കിലും പോകാം എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം.
മഹേഷേട്ടനുള്പ്പെടെ എല്ലാവരുടെയും പിന്തുണയില്‍ അധികം ടേക്കുകളില്ലാതെ സീന്‍ ഓകെയായി. ഫഹദിനൊപ്പമുള്ള സീനുകള്‍ പെട്ടെന്നു തീര്‍ന്നു’ – പാര്‍വതി ഓര്‍ക്കുന്നു.
ഒന്നിച്ചൊരു സെല്‍ഫി പോലും!
ദിലീഷ് പോത്തനെയും ഫഹദിനെയും മറ്റും ഇന്റര്‍വ്യൂ ചെയ്ത പരിചയം. ഫഹദിന്റെ സഹോദരിയായി വേഷമിട്ട ദിവ്യപ്രഭയുമായി മുമ്പു സീരിയല്‍ ചെയ്ത അടുപ്പം.
ഇതൊക്കെ മാറ്റിനിര്‍ത്തിയാല്‍ പാര്‍വതിക്കു സിനിമ പുതുതായിരുന്നു. ‘ മാലിക്കിന്റേത് ഏറെ സീരിയസ് സെറ്റായിരുന്നു. ഫഹദുള്പ്പെടെ എല്ലാവരും എപ്പോഴും കാരക്ടറില്ത്തന്നെ! അതില്‍ നിന്നു മാറാന്‍ മഹേഷേട്ടന് സമ്മതിച്ചിരുന്നില്ല.
10-15 ദിവസത്തെ ഷൂട്ടുണ്ടായിരുന്നിട്ടും അധികമാരോടും സംസാരിക്കാനായില്ല. ഫഹദുമായി ഒന്നിച്ചൊരു സെല്‍ഫി പോലും എടുക്കാന്‍ പറ്റിയില്ല ’- പാര്‍വതിയുടെ വാക്കുകൾ.
പൂജപ്പുരയില്‍ ചെന്നപ്പോള്‍
കൊച്ചിയിലെ ആസ്പിന്‍വാളിലും പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ് ജയില്‍ സീനുകള്‍ ചിത്രീകരിച്ചത്. പൂജപ്പുരയില്‍ ചെന്നപ്പോള്‍ ഒറിജിനല്‍ ജയിലിന്റെ വൈകാരികത ഫീല്‍ ചെയ്തതായി പാര്‍വതി.
സിഐ ജോര്‍ജ് സക്കറിയയായി ഞെട്ടിച്ച ഇന്ദ്രന്സ്്, ഋഷഭ് ഐപിഎസായി മിന്നിയ ചന്തുനാഥ് തുടങ്ങിയവരുമായുള്ള നിമിഷങ്ങളും പാര്‍വതി പങ്കുവയ്ക്കുന്നു.
‘ വര്‍ഷങ്ങളുടെ അഭിനയസമ്പത്തുള്ള ഇന്ദ്രന്‍സ് ചേട്ടനൊപ്പം അഭിനയിക്കാനായതു വലിയ ഭാഗ്യം. അദ്ദേഹം ഏറെ ഡൗണ്‍ റ്റു എര്‍ത്താണ്. കുറച്ചു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ഇതില്‍.
പക്ഷേ, എപ്പോഴും ഏതു കാരക്ടറും അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതമാണല്ലോ. സെറ്റില്‍ ചന്തുച്ചേട്ടനുമായാണു പിന്നെയും സംസാരിച്ചിരുന്നത്. ആ കഥാപാത്രം സീരിയസാണെങ്കിലും ചന്തുച്ചേട്ടന് ആളു ഫണ്ണിയാണ്.’
പേരു പറഞ്ഞതല്ലാതെ…
നേരത്തേ സ്ക്രിപ്റ്റ് വായിച്ചെങ്കിലും ജോജുവിന്റെ കഥാപാത്രവുമായി ഡോ. ഷെര്മിനുള്ള ബന്ധം പാര്‍വതി അറിഞ്ഞതു സെറ്റിലെത്തിയപ്പോള്‍! ‘ജോജുച്ചേട്ടനെ മുമ്പ് പരിചയമില്ലായിരുന്നു.
ജോസഫ് കണ്ടപ്പോള്‍ അടിപൊളിയെന്ന് എഫ്ബിയിൽ മെസേജ് ചെയ്തിരുന്നു. ഷൂട്ടിനിടെ എന്റെ പേരു പറഞ്ഞതല്ലാതെ ചേട്ടനുമായി വേറൊന്നും സംസാരിച്ചിട്ടില്ല!
നിമിഷയുമായി സീനില്ലായിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ ഒപ്പോസിറ്റാണ് യഥാര്‍ഥ നിമിഷ. ആളൊരു കിലുക്കാംപെട്ടിയാണ്. വാതോരാതെ ഫണ്ണിയായി സംസാരിച്ചുകൊണ്ടിരിക്കും. ലവിംഗ് ഗേളാണ്.’- പാര്‍വതി പറയുന്നു.
മഹേഷിന്റെ സംവിധാനം
മഹേഷ് നാരായണന്റെ സിനിമയില്‍ വര്‍ക്ക് ചെയ്താല്‍ അഭിനയം അറിയാത്തവര്‍ വരെ പഠിച്ചുപോകുമെന്നു പാര്‍വതി. മഹേഷ് നാരായണന് സ്റ്റൈലിനെക്കുറിച്ചു പാര്‍വതി തുടർന്നു:
‘ എത്രത്തോളം ആഴത്തില്‍ ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളണമെന്ന് പറഞ്ഞുതന്നു. പ്രോംപ്റ്റിംഗ് ഉണ്ടായിരുന്നില്ല. ഒന്നു
രണ്ടു സീന്‍ മാത്രമേ ഒരു ദിവസം എടുക്കാറുള്ളൂ.
പക്ഷേ, അതു ദൈര്‍ഘ്യമേറിയതാവും. പെര്ഫക്്ഷന് കൂടി നോക്കുമ്പോള്‍ അതിന്റേതായ സമയമെടുക്കും. സീനെടുക്കും മുമ്പ് റിഹേഴ്സലുണ്ട്. തനിക്കു വേണ്ടതു കിട്ടും വരെ ടേക്ക് പോയിരുന്നു.
ഒരു ശ്വാസം അധികമായി എടുത്താല്‍പോലും മഹേഷേട്ടന് അതു റീടേക്ക് ചെയ്തിരുന്നു. വോയ്സ് മോഡുലേഷന് ഭംഗിയാകാന് ആര്‍ട്ടിസ്റ്റ് തന്നെ ഡബ്ബ് ചെയ്യണമെന്നു നിര്‍ബന്ധമുള്ള സംവിധായകന്.’
അതാണു പ്രാര്‍ഥന!
സിനിമയില്‍ നിന്നു കൂടി മികച്ച അഭിപ്രായം നേടി ഡോ. ഷെര്‍മിന്‍ ഹിറ്റാണെങ്കിലും ഉടനെയൊന്നും അടുത്ത സിനിമ ചെയ്യില്ലെന്നു പാര്‍വതി.
‘ അടുപ്പിച്ചു ചെയ്യുന്നതിലും നല്ലത് പത്തു വര്‍ഷത്തിനിടെ ഇതുപോലെ ഒരു സിനിമ ചെയ്യുന്നതല്ലേ. സിനിമ പാഷനാണ്. പ്രഫഷനായി എടുത്തിട്ടില്ല.
എന്ജിനിയറിംഗാണു പ്രഫഷന്. അഡ്വര്‍ടൈസിംഗും മോഡലിംഗും തുടരും. കുഞ്ഞിന്റെ കാര്യങ്ങളാണ് ഇപ്പോള്‍ പ്രധാനം. ഫാമിലി തന്നെയാണ് ഫസ്റ്റ്.
അഭിനയിക്കാന്‍ ഇഷ്ടമുള്ളതുകൊണ്ടു മാത്രമാണ് സിനിമ ചെയ്യുന്നത്. ’ അതേ, പതിവുകള്‍ തെറ്റിക്കുകയാണു പാര്‍വതി;
ചില രീതികളും.
‘ ഇപ്പോള്‍ ആളുകള്‍ക്ക് എന്നില്‍ പ്രതീക്ഷയുണ്ട്. ഇതിലും മികച്ചതോ ഇതിനൊപ്പമോ ഉള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടേ കാര്യമുള്ളൂ.
മഹേഷേട്ടന് അടുത്ത സിനിമ ചെയ്യുമ്പൊഴും എന്നെ വിളിക്കണേ…അതാണു പ്രാര്‍ഥന. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുമ്പോള്‍ത്തന്നെ സേഫാണ്, എല്ലാം. ’ – പാര്‍വതി മനസുതുറന്നു.